കോഴിക്കോട്: റോഡ് സുരക്ഷാ കാമറയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഉൾപ്പെടെ എൽഡിഎഫ് സർക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങൾ ഏറ്റുപിടിക്കാത്തതിൽ ബിജെപിയില്‍ വിമര്‍ശനം.
കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയപ്രശ്നങ്ങളില്‍ ജനറൽ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കള്‍ പരാജയമാണെന്ന വിലയിരുത്തലും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇതിനിടെ ഇന്ന് പാലക്കാട് സംസ്ഥാന സമിതിയോഗം ചേരും.
എഐ കാമറാ വിവാദത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മാത്രമാണ് സര്‍ക്കാരിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. പിന്നീട് ശോഭാസുരേന്ദ്രന് മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരേ ആരോപണവുമായി രംഗത്തെത്തി.
എന്നാല്‍ വിഷയം ആരും ഏറ്റുപിടിച്ചില്ല. ഇത് വിവാദമായതോടെ കഴിഞ്ഞ ദിവസം കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെല്‍ട്രോണും അല്ഹിന്ദുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടനിലക്കാരനായത് കോഴിക്കോട്ടെ പാര്‍ലമെന്റ് അംഗമായ സിപിഎം നേതാവെന്ന ആരോപണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. വിഷയത്തില്‍ കൂടുതല്‍ ഗൗരവമായി ഇടപെടാനാണ് പാര്‍ട്ടി തീരുമാനം.
അതേസമയം ലോക്സഭയില്‍ പൊതുസമ്മതരെ സ്ഥാനാര്‍ഥിയാക്കി ജനറൽ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
നടന് ഉണ്ണിമുകുന്ദന്, സുരേഷ് ഗോപി, തുടങ്ങി സിനിമാ -സാംസ്കാരിക മേഖലകളിലുള്ളവരെ പാര്‍ട്ടിയുടെ മുഖമായി തെരഞ്ഞെടുപ്പിലിറിക്കാനാണ് നീക്കം.