സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പില്‍ എത്തിയതോടെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിലേക്ക് മാത്രം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് ബിജെപി. ഈ മണ്ഡലങ്ങളിലേക്ക് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനാണ് ശ്രമം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലെ കൊട്ടികലാശവും മറ്റു പ്രവര്‍ത്തനങ്ങളും വന്‍ പ്രവര്ത്തകപങ്കാളിത്തത്തോടെ ഊര്‍ജിതമാക്കാനാണ് തീരുമാനം.
കേരളത്തില്‍ നിന്നും അഞ്ചുസീറ്റ് വരെ നേടാന്‍ കഴിയുമെന്ന് കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയ അമിത്ഷാ പറഞ്ഞത് സംസ്ഥാന നേതൃത്വം നല്കിയ കണക്കുപ്രകാരമാണ്. ഈ മണ്ഡലങ്ങള്‍ക്കൊപ്പം പാലക്കാടും ആറ്റിങ്ങലും ബിജെപി ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ശക്തിയുള്ള മണ്ഡലങ്ങളില്‍ വര്‍ധിത വീര്യത്തോടെ പൊരുതുകയും വലിയ സാധ്യത ഇല്ലാത്തമണ്ഡലങ്ങളില് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ലൈന്‍ .
കോഴിക്കോടും വടകരയിലും സിപിഎമ്മിന്റെ പരാജയം ഉറപ്പാക്കാന്‍ സംഘപരിവാര്‍ നിര്‍ദേശമുള്ളതായാണ് പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. പി.ജയരാജനും എ. പ്രദീപ് കുമാറും ഒരിക്കലും വിജയിച്ചുവരുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.
ശബരിമലവിഷയത്തില്‍ ഇടതുമുന്നണിയുടെ പ്രത്യേകിച്ചും സിപിഎം സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശക്തികേന്ദ്രങ്ങളിലെ അവരുടെ തോല്‍വി വഴിയൊരുക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതേസമയം വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ എതറ്റം വരെ പോയും വോട്ട് കീശയിലാക്കാനാണ് ശ്രമം. നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരത്തോ പത്തനം തിട്ടയിലോ തോല്‍വി പിണഞ്ഞാല്‍ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും.
അതേസമയം വിജയ്പ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുക എന്ന പ്രവര്‍ത്തകരുടെ ആവേശത്തെ അതാത് ബിജെപി ജില്ലാഘടകം നിരുലത്സാഹപ്പെടുത്തുന്നില്ല. പലര്‍ക്കും തിരുവനന്തപുരവും പത്തനം തിട്ടയുമാണ് ‘ഫസ്റ്റ് പ്രിഫറന്‍സ്’. ശബരിമലയും വിശ്വാസവും സജീവമായി നില്ക്കുന്ന മണ്ഡലത്തില്‍ യുവാക്കളുടെ ആവേശമായ കെ. സുരേന്ദ്രന് തന്നെ സ്ഥാനാര്‍ഥിയായി എത്തിയതോടെ പ്രവര്‍ത്തനത്തില്‍ വന്‍ ജനപങ്കാളിത്തമാണു ദൃശ്യമാകുന്നത്.
എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ അമ്പരപ്പിക്കുന്ന തരത്തില്‍ പ്രചാരണ രംഗം കൊഴുപ്പിക്കുന്നതിനാലാണ് ഇതര ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ പങ്കു വഹിക്കുന്നത്. സുരേന്ദ്രന്റെ സ്വന്തം ജില്ലയായ കോഴിക്കോടു നിന്നു ധാരാളം പ്രവര്‍ത്തകര്‍ പത്തനംതിട്ടയിലേക്കു പോയിട്ടുണ്ട്