കൊല്ലം: പഞ്ചായത്ത്-നിയമസഭാ തെരത്തെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായി. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനു പകരം ആര് എന്നതാണ് പ്രധാന ചർച്ചാവിഷയം. സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകളാണ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.
മുതിർന്ന നേതാവ് എം.ടി. രമേശ്, വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരെയാണ് പകരക്കാരായി പറഞ്ഞ് കേൾക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാലാവധി മൂന്നു വർഷമാണ്. ഇത് നീട്ടിക്കിട്ടിയത് കാരണം കെ. സുരേന്ദ്രൻ അഞ്ച് വർഷമായി സ്ഥാനത്ത് തുടരുകയാണ്.
ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.അതേസമയം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സുരേന്ദ്രൻ നിർണായക പങ്ക് വഹിച്ചെന്ന വിലയിരുത്തലുമുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതു സുരേന്ദ്രന്റെ നേതൃമികവായും ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പരിഗണിക്കുമ്പോൾ ഒരു ടേം കൂടി സുരേന്ദ്രൻ സ്ഥാനത്ത് തുടരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ സമീപകാലത്ത് നടന്ന പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയുമാണ്.
ഇത് വിലയിരുത്തുകയാണങ്കിൽ നേതൃമാറ്റം വേണമെന്ന അഭിപ്രായം നേതാക്കളിലും അണികളിലും കൂടുതൽ കരുത്താർജിക്കുകയും ചെയ്യും.പകരക്കാരനായി പരിഗണിക്കപ്പെടുന്ന രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി കഴിഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപി കോൺഗ്രസിലെ ശശി തരൂരിനെതിരേ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇത് അനുകൂല ഘടകമായി വ്യാഖ്യാനിക്കാമെങ്കിലും കേരളത്തിലെ ബിജെപിയിൽ രാജീവ് ചന്ദ്രശേഖർ പൊതു സമ്മതനായ നേതാവ് അല്ല. അതുകൊണ്ടുതന്നെ സംസ്ഥാന അധ്യക്ഷനായി അദ്ദേഹം വരുന്നത് പാർട്ടി കേഡർമാർ അംഗീകരിക്കില്ല എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
അധ്യക്ഷ സ്ഥാനത്തേക്ക് വനിത വരട്ടെ എന്ന അഭിപ്രായത്തിന് മുൻ തൂക്കം ലഭിക്കുകയാണങ്കിൽ ശോഭാ സുരേന്ദ്രന് നറുക്ക് വീഴും. പിന്നാക്ക വിഭാഗക്കാരിയെന്നതും അവർക്ക് അനുകൂല ഘടകമാണ്. മാത്രമല്ല മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ എല്ലാം അവർ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള നേതാവായാണ് അവരെ വിലയിരുത്തുന്നത്. എന്നാൽ സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന ചില പടലപ്പിണക്കങ്ങൾ അവർക്ക് വിലങ്ങു തടിയായി മാറിയേക്കാം. പാർട്ടിയിൽ ഒരു വിഭാഗം അവർക്കെതിരേ ശക്തമായി രംഗത്ത് വരുമെന്ന സൂചനയുമുണ്ട്.
ബിജെപിയിൽ എല്ലാവർക്കും സുസമ്മതനും ചിരപരിചിതനുമാണ് മുതിർന്ന നേതാവ് എം.ടി. രമേശ്. യുവമോർച്ച, മഹിളാമോർച്ച അടക്കമുള്ള പോഷക സംഘടനകളും രമേശ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ വിഷയത്തിൽ അന്തിമ തീരുമാനം പാർട്ടി ദേശീയ നേതൃത്വം ആയിരിക്കും എടുക്കുക. ഇക്കാര്യത്തിൽ ആർഎസ്എസിന്റെ അഭിപ്രായവും നിർണായകമാണ്.
- എസ്.ആർ. സുധീർ കുമാർ