ചേർത്തല: ബിജെപി നേതാവിനെതിരെ ഗാർഹിക പീഡനത്തിന് ഭാര്യ വനിതാ സംരക്ഷണവകുപ്പ് ജില്ലാ ഓഫീസർക്ക് പരാതിനൽകി. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നഗരസഭ 13-ാം വാർഡ് പുത്തൻവീട്ടിൽ ഡി.ജ്യോതിഷിനെതിരെ ഭാര്യ ആർ. രാജശ്രീറാണിയുടേതാണ് പരാതി.
ജ്യോതിഷിന്റെ അമ്മ വിമലഭട്ടിനെതിരെയും പരാതിയുണ്ട്. ബിജെപിയിലെ നഗരസഭാ കൗൺസിലറാണ് പരാതിക്കാരിയായ രാജശ്രീറാണി. ഭർത്താവ് ജ്യോതിഷ് മുൻ കൗൺസിലറാണ്. വനിതാ സംരക്ഷണവകുപ്പ് ഓഫീസർ പരാതി പരിഗണിച്ച് സംഭവം സംബന്ധിച്ച റിപ്പോർട്ട് ചേർത്തല പോലീസിനും ജുഡീഷ്യൽ മജിസ്ട്രേട്ടിനും നൽകി.
സ്ത്രീധനം ആവശ്യപ്പെട്ട് ഉൾപ്പെടെയാണ് നിരന്തര പീഡനമെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥിരമായി അസഭ്യം പറയുകയും വീട്ടിൽനിന്ന് ബലമായി ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു.
പരാതിക്കാരിയെയും മകളെയും ആത്മഹത്യക്ക് നിരന്തരം പ്രേരിപ്പിക്കുന്നു. പരാതിക്കാരി കടുത്ത മാനസിക-ശാരീരിക പീഡനം അനുഭവിക്കുന്നതായും പരാതിയില്‍ പറയുന്നു. സംരക്ഷണവും താമസസൗകര്യം ഉറപ്പാക്കലും കേസിനുള്ള സഹായവുമാണ് പരാതിക്കാരിയുടെ ആവശ്യം.