താമരയിലേക്ക് ഒഴുക്ക് തുടരുന്നു, രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ത്രിപുരയിലെ ത്രിണമൂലുകാരെല്ലാം ബിജെപിയില്‍, ഇടതുമണ്ണില്‍ കാവിക്കൊടി പാറിക്കാനുറച്ച് ബിജെപി, വിട്ടുകൊടുക്കാതെ സിപിഎം

എതിര്‍പാര്‍ട്ടിയിലെ എംഎല്‍എമാരെയും എംപിമാരെയും ചാക്കിട്ടു പിടിച്ച് ഭരണം പിടിക്കുകയെന്ന തന്ത്രം വിജയകരമായി പ്രയോഗിക്കുകയാണ് ബിജെപി, മണിപ്പൂരിലും ഗോവയിലും യുപിയിലുമെല്ലാം വിജയിച്ച മാതൃക ഇപ്പോള്‍ ത്രിപൂരയില്‍ പരീക്ഷിക്കുകയാണ് അമിത് ഷാ. തുടക്കം അത്ര മോശമായില്ല. മുഖ്യ പ്രതിപക്ഷമായ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ആറു എംഎല്‍എമാരെ പാളയത്തിലെത്തിച്ചാണ് ബിജെപി കരുത്തുകാട്ടിയത്. ഇതോടെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കായി.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇവര്‍ ആറ് പേരും രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്. വിപ്പ് ലംഘിച്ചതിന് ആറ് പേരെയും മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ എംഎല്‍മാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ ബിജെപി വന്‍ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് തൃണമൂല്‍ സാമാജികരുടെ കൂടുമാറ്റം. കൂറുമാറിയ എംഎല്‍എമാര്‍ നേരത്തെ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പശ്ചിമ ബംഗാള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ വര്‍ഷം തൃണമൂലില്‍ ചേര്‍ന്നത്. 60 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ നിലവില്‍ 51 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുണ്ട്. ആറു എംഎല്‍എമാരെ ലഭിക്കുന്നതോടെ ബിജെപി ഇവിടുത്തെ മുഖ്യപ്രതിപക്ഷമായി മാറുകയും ചെയ്യും.

പശ്ചിമബംഗാളിനൊപ്പം പതിറ്റാണ്ടുകളായി സിപിഎം ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണ് ത്രിപുര. കോണ്‍ഗ്രസായിരുന്നു പ്രതിപക്ഷത്തെങ്കിലും ഇപ്പോള്‍ ദുര്‍ബലമാണ്. ത്രിണമൂല്‍ കോണ്‍ഗ്രസാകട്ടെ പാര്‍ട്ടിയിലെ പടലപ്പിണക്കം മൂലം കിതയ്ക്കുകയാണ്. ഈ സ്ഥാനത്തേക്കാണ് ബിജെപിയുടെ കടന്നുവരവ്. കഴി്ഞ്ഞമാസം അമിത് ഷാ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം നിരവധി നേതാക്കള്‍ ബിജെപി ക്യാമ്പിലെത്തിയിരുന്നു.

 

Related posts