ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും.
പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
15,700 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണവിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സന്ദർശനം.
ശ്രീരാമ കിരീട മാതൃക ചൂടിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ, പുതുക്കി പണിത അന്താരാഷട്ര വിമാനത്താവളം, രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ, 6 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, അയോധ്യ ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡുകൾ, അയോധ്യ ഗ്രീൻഫീൽഡ് ടൗൺഷിപ്പിന് തറക്കല്ലിടൽ തുടങ്ങിയ എല്ലാ ചടങ്ങുകളും രാമക്ഷേത്രം കേന്ദ്രീകരിച്ചാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യ നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.
റോഡ്ഷോക്കിടെ മോദിയെ ആക്രമിക്കണമെന്നു നിരോധിത ഖലിസ്ഥാൻ സംഘടനാ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു നേരത്തെ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ അയോധ്യയിൽ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.