കണ്ണൂർ: ബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹകരണ സംഘത്തിൽ ഓഡിറ്റ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. 2023-24 വർഷത്തെ ഓഡിറ്റ് പരിശോധനയിലാണ് ന്യൂനതകൾ കണ്ടെത്തിയത്.
സംഘത്തിൽ 1.32 കോടി രൂപയുടെ ഫണ്ട് ശോഷണം നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സംഘത്തിന് നിലവിലെ ആസ്തിയേക്കാൾ കൂടുതൽ ബാധ്യതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
സംഘത്തിന്റെ ചെലവിനുള്ള വരുമാനം പോലുമില്ലെന്നും ദൈനംദിന ചെലവുകൾക്ക് അംഗങ്ങളുടെ നിക്ഷേപത്തെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണസമിതി അംഗങ്ങളോ സെക്രട്ടറിയോ ജീവനക്കാരോ പരിശോധിച്ച് വ്യക്തമായി ശിപാർശ ചെയ്യാതെയാണ് അപേക്ഷകളിൽ വായ്പ അനുവദിച്ചതെന്നതാണ് മറ്റൊരു ക്രമക്കേട്.
ഭൂരിഭാഗം സ്വത്ത് പരിശോധന റിപ്പോർട്ടിലും അധികാരപ്പെടുത്തിയ ആരും ഒപ്പുവച്ചിട്ടില്ല. സ്ഥലത്തിന്റെ മതിപ്പുവിലയുടെ 35 ശതമാനത്തിൽ താഴെയുള്ള തുക മാത്രമേ നൽകാവൂ എന്ന് നിയമമുണ്ടെങ്കിലും ചിലർക്ക് 60 ശതമാനത്തിലധികം വരെ നൽകിയിട്ടുണ്ട്.