കോൽക്കത്ത: ഡൽഹി കലാപത്തിൽ പ്രതിഷേധിച്ചു ബംഗാളി നടി ബിജെപിയിൽനിന്നു രാജിവച്ചു. പശ്ചിമ ബംഗാളിലെ പ്രമുഖ നടി സുഭദ്ര മുഖർജിയാണു പാർട്ടിയിൽനിന്നു രാജിവച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനു സുഭദ്ര രാജിക്കത്തു കൈമാറി.
വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ അനുരാഗ് താക്കൂറിനും കപിൽ മിശ്രയ്ക്കുമെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നില്ല, അനുരാഗ് താക്കൂർ, കപിൽ മിശ്ര എന്നിവരെപ്പോലുള്ള ആളുകൾ പ്രവർത്തിക്കുന്ന ഒരു പാർട്ടിയിൽ തുടരാൻ താത്പര്യമില്ല എന്നിങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സുഭദ്രയുടെ രാജി.
അയൽരാജ്യങ്ങളിൽ ദുരിതത്തിലായവർക്കു പൗരത്വം നൽകാനുള്ള തീരുമാനം നല്ലതാണ്. എന്നാൽ അവർക്കു പൗരത്വം നൽകുന്നതിന്റെ പേരിൽ, എന്തിനാണ് ഓരോ ഇന്ത്യക്കാരന്റെയും ജീവിതംവച്ച് കളിക്കുന്നത്?.
എന്തുകൊണ്ടാണു നമ്മുടെ പൗരത്വം തെളിയിക്കേണ്ടിവരുന്നത്?. ഈ നീക്കം രാജ്യതലസ്ഥാനത്തു മാത്രമല്ല, രാജ്യമാകെ അസ്വസ്ഥത സൃഷ്ടിക്കുമെന്നും സുഭദ്ര കുറ്റപ്പെടുത്തി.
2013-ൽ ബിജെപിയുടെ പ്രവർത്തന രീതിയിൽ ആകൃഷ്ടയായാണു പാർട്ടിയിൽ ചേർന്നതെന്നും ഇപ്പോൾ ആ തീരുമാനം തെറ്റാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു രാജിയെന്നും സുഭദ്ര പറഞ്ഞു.