ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത ഏക പഞ്ചായത്തായ തിരുവൻവണ്ടൂരിന്റെ ഭരണം ബിജെപിക്കു നഷ്ടമായി. ബിജെപി ഭരണത്തെ അവിശ്വാസത്തിലൂടെ പുറത്താക്കി യുഡിഎഫ്, എൽഡിഎഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം അധികാരത്തിലെത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ് പ്രസിഡന്റായും ഗീതാ സുരേന്ദ്രൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ഏലിക്കുട്ടി കുര്യാക്കോസിന്റെ പേര് കോണ്‍ഗ്രസിലെ ഹരികുമാർ മൂരിത്തിട്ട നിർദേശിച്ചപ്പോൾ, സിപിഎമ്മിലെ വത്സലാ സുരേന്ദ്രൻ പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗീതാ സുരേന്ദ്രന്റെ പേര് സിപിഎമ്മിലെ ഷൈനി സജി നിർദേശിക്കുകയും കോണ്‍ഗ്രസിലെ അന്പിളി സജീവ് പിന്താങ്ങുകയുമായിരുന്നു. ചെങ്ങന്നൂർ സഹകരണസംഘം അസി. രജിസ്ട്രാർ ജനറൽ എസ്. കൃഷ്ണകുമാരിയമ്മ ആയിരുന്നു വരണാധികാരി.
ആലപ്പുഴ ജില്ലയിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായിരുന്നു ചെങ്ങന്നൂർ മണ്ഡലത്തിലെ തിരുവൻവണ്ടൂർ. പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നിവരെ അവിശ്വാസത്തിലൂടെ പുറത്താക്കി എൽഡിഎഫ്, കേരള കോണ്‍ഗ്രസ്-എം, കോണ്‍ഗ്രസ് സഖ്യത്തിന്റെ നേതൃത്വത്തിലാണ് ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കിയത്.
പ്രസിഡന്റ്ായിരുന്ന ജലജ രവീന്ദ്രനെതിരേ കോണ്‍ഗ്രസിലെ ഹരികുമാർ മൂരിത്തിട്ടയും, വൈസ്പ്രസിഡന്റ് മോഹനൻ വല്യ വീട്ടിലിനെതിരേ കേരള കോണ്‍ എമ്മിലെ പ്രഫ. ഏലിക്കുട്ടി കുര്യാക്കോസും കഴിഞ്ഞ 14ന് അവിശ്വാസത്തിന് നോട്ടീസ് നൽകുകയായിരുന്നു. ഇതേ തുടർന്ന് ഇലക്ഷൻ കമ്മീഷന്റെ നിർദേശമനുസരിച്ച് താത്കാലിക ഭരണസംവിധാനം ഒരു മാസമായി ക്രമീകരിച്ചിരുന്നു.
ബിജെപിയിലെ മനു തെക്കേടത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും, രശ്മി സുഭാഷ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും, എൽഡിഎഫിലെ വത്സമ്മ സുരേന്ദ്രൻ ആരോഗ്യം/വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായും തുടരും.