ലോക്‌സഭയിലെ ബിജെപി എംപിമാരുടെ എണ്ണം 272 ആയി ചുരുങ്ങി. 2014ല്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി എംപിമാരുടെ എണ്ണം 282 ആയിരുന്നു. ഇതാണ് ഇപ്പോള്‍ ചുരുങ്ങി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്ന നിലയില്‍ 272ല്‍ എത്തിനില്‍ക്കുന്നത്.
ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഒഴികെയുള്ളവരുടെ എണ്ണമാണിത്. ഇതില്‍തന്നെ ബിജെപി എംപി കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റൊരു എംപി ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തി വിമതവഴിയിലുമാണ്.
കര്‍ണാടകയില്‍ എംഎല്‍എമാരായി ബി.എസ്. യെദിയൂരപ്പയും ബി. ശ്രീരാമലുവും സത്യപ്രതിജ്ഞ ചെയ്യുകയും ലോക്‌സഭാ സ്പീക്കര്‍ ഇവരുടെ രാജി സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് ബിജെപിയുടെ അംഗസംഖ്യ ഗണ്യമായി കുറയുന്നത്.
ഇതിനു പുറമേ മഹാരാഷ്ട്രയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പടെ നാലു മണ്ഡലങ്ങളില്‍ മേയ് 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് ബിജെപിക്കു ഭീഷണി.
മഹാരാഷ്ട്രയില്‍ ബിജെപി എംപിയായിരുന്ന നാന പട്ടോലെ രാജിവച്ച ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തിലും, ബിജെപി എംപിയായിരുന്ന സി. വാങ്കയുടെ മരണത്തെത്തുടര്‍ന്ന് പാല്‍ഘര്‍ മണ്ഡലത്തിലുമാണ്് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ കൈറാനയില്‍ ബിജെപി എംപിയുടെ മരണത്തത്തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ആര്‍എല്‍ഡി വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനു പുറമേ നാഗാലാന്‍ഡിലും ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്.
എന്നാല്‍, എംപിമാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് നരേന്ദ്ര മോദി സര്‍ക്കാരിനെ ന്യൂനപക്ഷം എന്ന അവസ്ഥയിലേക്കെത്തിക്കുന്നില്ല. ബിജെപിക്കും എന്‍എഡി സഖ്യകക്ഷികള്‍ക്കുമായി സഭയില്‍ ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്.
വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയം നേരിട്ടതാണ് ബിജെപിയുടെ ലോക്‌സഭയിലെ അംഗസംഖ്യ കുറയാനുണ്ടായ ഒരു കാരണം.
ലോക്‌സഭയില്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സഭയ്ക്കുള്ളില്‍ സഖ്യ കക്ഷികളോടു വിധേയപ്പെട്ടു നില്‍ക്കാന്‍ ബിജെപിയെ നിര്‍ബന്ധിതമാക്കും. സഖ്യകക്ഷികളില്‍ ശിവസേന ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തുന്നുമുണ്ട്.
പാര്‍ട്ടിയില്‍നിന്ന് ഇടഞ്ഞുനില്‍ക്കുന്ന കീര്‍ത്തി ആസാദിനെ പോലുള്ള എംപിമാരെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തേണ്ടിയും വരും. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചതോടെതന്നെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതെന്നും ബിജെപി പാര്‍ലമെന്ററി യോഗങ്ങളിലേക്കു വിളിക്കാതായെന്നുമാണ് കീര്‍ത്തി ആസാദ് പറയുന്നത്.