കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി കൊച്ചിയിൽ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ ചർച്ചയാകുക ശോഭാ സുരേന്ദ്രന്റെ പാർട്ടിവിരുദ്ധ നിലപാടുകൾ. ശോഭയ്ക്കെതിരേ ശക്തമായ നടപടിയും ചിലപ്പോൾ ഉണ്ടായേക്കും.
ആര്‍എസ്എസും കൈയൊഴിഞ്ഞതോടെ കോര്‍കമ്മിറ്റിയില്‍ ശോഭയ്ക്കെതിരേ കടുത്ത നടപടി വേണമെന്ന് മുരളീധരന്‍പക്ഷം ആവശ്യപ്പെടും. തദേശതെരഞ്ഞെടുപ്പില്‍ പോലും ശോഭ സുരേന്ദ്രന് പാര്‍ട്ടിക്കു ക്ഷീണം ഉണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണു സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
കുറച്ചുനാളുകളായിപാര്ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തുകയും ഒരു ചര്‍ച്ചയ്ക്കും തയാറാകാതെ പാര്ട്ടിശത്രുക്കള്ക്കു ബിജെപിയെ വിമര്‍ശിക്കാന്‍ അവസരം കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് ശോഭ സ്വീകരിക്കുന്നതെന്നാണു മുരളീധരന് പക്ഷത്തിന്റെ വിമര്‍ശനം.
അഖിലേന്ത്യാ നേതൃത്വംപോലും സുരേന്ദ്രന്റെ നേതൃത്വത്തിനു പിന്തുണ നല്കുന്ന സാഹചര്യത്തില്‍ ഒന്നെങ്കില്‍ താക്കീത് നല്കി കൂടെ നിര്‍ത്തുക, അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി തുറക്കുക എന്ന നിലപാടാണു മുരളീധരന്‍പക്ഷം ശ്രമിക്കുന്നത്.
എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ആരംഭിക്കുന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന് പങ്കെടുക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ അധ്യക്ഷന്മാര് തുടങ്ങിയവരുമുണ്ടാകും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലക്ഷ്യമിട്ട നേട്ടം ലഭിക്കാത്ത സാഹചര്യത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി തര്‍ക്കങ്ങള്‍ക്കു വേദിയായേക്കും.
മോശം പ്രകടനത്തിന്റെ പേരില്‍ അധ്യക്ഷനെ ക്രൂശിക്കാന്‍ എതിര്‍പക്ഷവും വിഭാഗീയതയെ തുടര്‍ന്നുള്ള നിസഹകരണം തിരിച്ചടിയായെന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കാന്‍ അധ്യക്ഷനെ അനുകൂലിക്കുന്നവരും ശ്രമിക്കാനാണു സാധ്യത.
തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും ബിജെപി സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തര വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കോര്‍ കമ്മിറ്റി വിളിച്ച് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്ക്കുതന്നെയുണ്ട്.