തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകുന്നത് തടയാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ ഫോർമുല ഒരുക്കി. മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് പുതിയ നീക്കം.
മത്സരിക്കാമോ എന്ന് തുഷാറിനോട് ബിജെപി സംസ്ഥാന നേതൃത്വം ആരാഞ്ഞു. ആലോചിച്ച് മറുപടി നൽകാമെന്നാണ് തുഷാർ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കഴക്കൂട്ടത്ത് കണ്ണുംനട്ടിരുന്ന വി.മുരളീധരനോട് കേന്ദ്ര നേതൃത്വം മത്സരിക്കേണ്ടെന്ന് നിർദ്ദേശിച്ചതോടെയാണ് മണ്ഡലത്തിൽ ശോഭയുടെ പേര് ഉയർന്നത്. ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന ശോഭയെ കഴക്കൂട്ടത്ത് ഇറക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനും സമ്മതമായിരുന്നു.
എന്നാൽ ശോഭയെ എങ്ങനെയും ഒഴിവാക്കണമെന്ന മുരളീധരൻ പക്ഷത്തിന്റെ കടുംപിടുത്തമാണ് തുഷാറിനെ രംഗത്തിറക്കുന്നതിന് പിന്നിൽ.ശോഭ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് ശോഭയും പിന്നാലെ പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് പുതിയ നീക്കമുണ്ടായത്. കുണ്ടറ, കൊല്ലം, കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങളിൽ ഒന്നിൽ ശോഭയെ ഇറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ആലോചന.
കഴക്കൂട്ടത്തു നിന്നും തഴയപ്പെട്ടാൽ മത്സര രംഗത്തു നിന്നും ശോഭ മാറിനിന്നേക്കുമെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്ന അവർ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കഴക്കൂട്ടത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചത്.
പുതിയ നീക്കം ബിജെപി സംസ്ഥാന നേതൃത്വവും ശോഭയും തമ്മിലുള്ള പടലപ്പിണക്കം രൂക്ഷമാക്കിയേക്കും.