തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രചാരണ സന്നാഹത്തിന് തൃശൂരിൽ അങ്കം കുറിച്ചു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിൽനിന്നുമായി എത്തിയ പ്രതിനിധികളുടെ സമ്മേളനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സംസ്ഥാന പ്രസിഡന്റ് ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്തു.
ശക്തമായ മുന്നേറ്റത്തിലൂടെ നിയമസഭയിൽ കൂടുതൽ സാന്നിധ്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സമുദായങ്ങളുടേയും പിന്തുണ നേടണമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അടുത്ത ദിവസങ്ങളിലായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന കേരളയാത്ര പരിപാടി ആവേശോജ്വലമാക്കണം. നിയമസഭാ തെരഞ്ഞെടുപ്പിനു ചിട്ടയായ പ്രവർത്തനശൈലി ഉണ്ടാകണം. ഒരു തരത്തിലുള്ള വിഭാഗീയതയും ഉദാസീനതയും അരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും എല്ലാ ജില്ലകളിൽനിന്നുമായി സെക്രട്ടറിമാർ വരെയുള്ള പ്രതിനിധികളും സമ്മേളനത്തിന് എത്തി. ഓരോ മണ്ഡലത്തിന്റെയും പ്രസിഡന്റുമാരും കാര്യവാഹകും യോഗത്തിനെത്തി.
ഉച്ചയ്ക്കുശേഷം വിവിധ സാമുദായിക നേതാക്കളുമായി നഡ്ഡ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിവിധ സമുദായ നേതാക്കളെ ബിജെപി ഇതിനായി ക്ഷണിച്ചിട്ടുണ്ട്. ഈ സംഗമത്തിൽ പങ്കെടുക്കാൻ നൂറോളം നേതാക്കൾ ഉച്ചയോടെ ഹോട്ടൽ കാസിനോയിൽ എത്തും.
സാമുദായിക പിന്തുണ ഉറപ്പാക്കി കൂടുതൽ വോട്ടു നേടാനുള്ള തന്ത്രമെന്ന നിലയിലാണ് ബിജെപി ഈ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്.കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളന ഹാളിലേക്കു മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്നു വൈകുന്നേരം നാലരയ്ക്കു ബിജെപി ജില്ലാ റാലിയിൽ ജെ.പി. നഡ്ഡ പ്രസംഗിക്കും. റാലിയും പ്രകടനവും ഇല്ലെങ്കിലും തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ പൊതു സമ്മേളനത്തിനു പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്കു മൂന്നു മണിയോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ശോഭ വീണ്ടുമെത്തി, ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം
തൃശൂർ: ബിജെപി സംസ്ഥാന നേതൃസംഗമത്തിൽ ശോഭ സുരേന്ദ്രനും എത്തി. സംസ്ഥാന നേതൃത്വവുമായി പിണങ്ങി ഒരു വർഷത്തോളമായി ബിജെപിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാതിരുന്ന ശോഭ ഇന്നു സമ്മേളനത്തിന് എത്തി.
എന്തെങ്കിലും പദവികൾ വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകാതെ അവർ ഒഴിഞ്ഞുമാറി.
’നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്നതിനാലാണു താൻ പങ്കെടുക്കുന്നത്. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിന് അപ്പുറം ഒന്നുമില്ല. ഞങ്ങൾ ഒന്നിച്ചു മുന്നോട്ടുപോകും.’ ശോഭ വിശദീകരിച്ചു.