ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായത് ബിജെപിയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച് ആ ക്ഷീണം മാറ്റാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.
ലോക്സഭയില്‍ ബൂത്തുതല വോട്ടുപരിശോധന പൂര്‍ത്തിയാക്കി കുറവുകള്‍ നികത്താനുള്ള നടപടികളാണ് തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പതിനയ്യായിരം വോട്ടുകള്‍ ശശിതരൂരിന് ലഭിച്ചുവെന്നാണ് ബിജെപി കരുതുന്നത്.
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പിന് ബി.ജെ.പി തയാറെടുക്കുന്നത്. ബി.ജെ.പി പ്രതീക്ഷിച്ചത് 51,000 വോട്ടാണ്. കുമ്മനം രാജശേഖരന് 50,709 വോട്ട് കിട്ടുകയും ചെയ്തു. ശശിതരൂര്‍ നേടിയത് 53, 545 വോട്ട് . 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാനാവുമെന്ന് ബി.ജെ.പി കരുതുന്നു
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ കെ. മുരളീധരന് 7,622 വോട്ടിനാണ് കുമ്മനത്തെ തോല്‍പ്പിച്ചത്. അന്ന് മൂന്നാം സ്ഥാനത്തായ ടി.എന്‍. സീമയ്ക്ക് 40,441 വോട്ടുകിട്ടിയിരുന്നു.
പക്ഷേ ലോക്സഭാ തിരഞ്ഞടുപ്പില്‍ സി.ദിവാകരന് കിട്ടിയത് 29, 414 വോട്ടുമാത്രം. കുമ്മനത്തിന്റെ പേര് വീണ്ടും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ബിജെപി ഇതുവരെ കടന്നിട്ടില്ലയെന്നാണ് വിവരം. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി വൈകാതെ യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും