ചെന്നൈ: കേന്ദ്രസർക്കാരിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ വിമർശനം.
“സ്പീക്കിംഗ് ഫോർ ഇന്ത്യ’ എന്ന പോഡ്കാസ്റ്റ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് തമിഴ്നാട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ കേന്ദ്രത്തിനെതിരായ പ്രതികരണം നടത്തിയത്.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സംസ്ഥാന സ്വയംഭരണം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, സംസ്ഥാനത്തിന്റെ സ്വയംഭരണത്തിന് അനുകൂലമായി സംസാരിച്ചു,
എന്നാൽ പ്രധാനമന്ത്രിയായ ശേഷം, ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന ഭരണഘടനയുടെ ആദ്യ വരി അദ്ദേഹം വെറുക്കാൻ തുടങ്ങിയെന്നും മോദിയെ വിമർശിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാനങ്ങളെ ഇല്ലാതാക്കി മുനിസിപ്പാലിറ്റികളാക്കി ചുരുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.