നിയാസ് മുസ്തഫ
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ബിജെപി ക്യാന്പുകൾ സജീവമായി. നാളെ നടത്താനിരുന്ന പ്രതിപക്ഷ ക ക്ഷികളുടെ യോഗം മാറ്റിവച്ചു. യോഗം വോ ട്ടെണ്ണലിനുശേഷം മതിയെന്നാണ് പുതിയ തീരുമാനം.
പ്രതിപക്ഷത്തിന്റെ ശക്തമായ വെല്ലുവിളികളിൽ ഭരണം നഷ്ടപ്പെടുമോയെന്ന് ആശങ്കപ്പെട്ട ബിജെപി നേതൃത്വത്തിന് വലിയൊരു ആത്മവിശ്വാസമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കൈവന്നിരിക്കുന്നത്. എൻഡിഎ കേവലഭൂരിപക്ഷം നേടിയാലും ബിജെപിയുമായും കോൺഗ്രസുമായും സമദൂരം പാലിച്ച് നിൽക്കുന്ന പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി സർക്കാരിന്റെ ഭദ്രത ഉറപ്പുവരുത്താനുള്ള ശ്രമം ബിജെപി നടത്തും.
ഇതിനായി ടിആർഎസ്, ബിജെഡി, വൈ എസ്ആർ കോൺഗ്രസ്, എസ്പി, ബിഎസ് പി തുടങ്ങിയ കക്ഷികളുമായെല്ലാം ബിജെപി നേതൃത്വം ചർച്ച നടത്തും. ഇതിൽ പ്രധാനമായും ടിആർഎസും വൈഎസ്ആർ കോൺഗ്രസും ബിജെപി മുന്നണിയുമായി സഹകരിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു വും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയും ചർച്ച നടത്തി കഴിഞ്ഞതായാണ് വിവരം. മുന്നണിയുടെ ഭാഗമായാൽ അർഹമായ സ്ഥാനം ടിആർഎസി നും വൈഎസ്ആർ കോൺഗ്രസിനും നൽകും.
ബിജെപിക്കും കോൺഗ്രസിനുമെതിരേ ഫെഡറൽ മുന്നണി എന്ന പേരിൽ മൂന്നാം മുന്നണി രൂപീകരിക്കാൻ കെസിആർ ശ്രമിച്ചിരുന്നു. മൂന്നാം മുന്നണിക്കുള്ള സാധ്യത മങ്ങിയതോടെയാണ് വൈഎസ്ആർ കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന കെസിആർ പുതിയ ചരടുവലികൾക്ക് തുനിഞ്ഞിരിക്കുന്നത്. നേരത്തെ ഇവർ കോൺഗ്രസുമായി അടുക്കാനും ശ്രമിച്ചിരുന്നു. വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ഇവർക്കും ക്ഷണമുണ്ടായിരുന്നു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആർ എസ്എസ് തലവൻ മോഹൻ ഭാഗവതുമായി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി ചർച്ച നടത്തിയേക്കും.സർക്കാർ രൂപീകരണമായിരിക്കും ചർച്ചാവിഷയം. അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം ആകെ അസ്വസ്ഥയിലാണ്. എക്സിറ്റ് പോൾ ഫലങ്ങളെ അവർ കാര്യമായെടുക്കുന്നില്ലായെന്ന് പുറമേ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഇനിയെന്ത് എന്ന ചർച്ചയും നടക്കുന്നുണ്ട്.