കോട്ടയം: സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും വർഗീയ പ്രീണന രാഷ്ട്രീയത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കാൻ ബിജെപി. ഇന്നലെ കോട്ടയത്തു ചേർന്ന കോർ കമ്മിറ്റി യോഗമാണ് സമര പരിപാടിക്കു രൂപം നൽകിയത്.
ഹലാൽ വിഷയത്തിൽ വർഗീയ വാദികളുടെ അജണ്ട സർക്കാർ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 13ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്പിൽ സത്യഗ്രഹം നടത്തും. പ്രെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാത്ത സർക്കാർ നയത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ഡിസംബർ ഏഴിന് 280 മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന പ്രക്ഷോഭം നടത്തും. സംസ്ഥാന നേതാക്കൾ സമരത്തിനു നേതൃത്വം നൽകും.കെ റെയിൽ ഉൾപ്പെടെയുള്ള വിഷയം ഉയർത്തി പ്രതിപക്ഷവും സർക്കാരിനെതിരെ സമര പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
വിഷയങ്ങൾ നിരവധിയുണ്ടായിട്ടും സംസ്ഥാന സർക്കാരിനെതിരെ സമരപരിപാടികൾ നടത്തുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടിരുന്നു എന്ന വിമർശനം കോർ കമ്മറ്റിയിൽ ഉണ്ടായി.ശിശുമരണം നടന്ന അട്ടപ്പാടിയിൽ ബിജെപി പ്രതിനിധി സംഘം സന്ദർശിക്കും.
അട്ടപ്പാടിയിലെ ശിശുമരണത്തെ സംബന്ധിച്ച് ശതകോടി കണക്കിന് രൂപയുടെ അഴിമതി നടക്കുന്നതിനും വ്യക്തമായ തെളിവുകളുണ്ട്. ഈ മേഖലകളിൽ കേന്ദ്ര ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നതിനും വ്യക്തമായ കണക്കുകളുണ്ട്.ബിജെപി സംസ്ഥാന നേതൃത്വം അട്ടപ്പാടി മേഖല സന്ദർശിക്കും.
ബിജെപി നേതാക്കളെ കൂടാതെ റിട്ട. ജസ്റ്റിസുമാർ, ഐപിഎസ് ഉദ്യോഗസ്ഥൻമാർ അടങ്ങുന്ന സംഘവും ബിജെപി സംഘത്തിലുണ്ടാകും. പ്രസ്തുത സ്ഥലം സന്ദർശിച്ച് അഴിമതി പുറത്ത് കൊണ്ടുവരികയും പൊതു സമൂഹത്തെ അറിയിക്കുകയും ചെയ്യും.
കുമ്മനം രാജശേഖരന്റയും, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി ഉൗരുകൾ സന്ദർശിച്ച് സ്ഥിതിഗതികളുടെ വിശദമായ റിപ്പോർട്ട് തയാറാക്കും.ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, ജോർജ് കുര്യൻ, എം.ടി. രമേശ്, കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ, സി.കൃഷ്ണകുമാർ, മധ്യമേഖല സെക്രട്ടറി എൻ.ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.