2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ച നേടുമെന്ന് ബി.ജെ.പി സര്‍വേ. 2014 ലേതിനേക്കാള്‍ 12 ശതമാനം അധികം വോട്ട് എന്‍.ഡി.എ നേടുമെന്നും സര്‍വേയില്‍ പറയുന്നു.
എന്‍.ഡി.എ 360 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍.ഡി.എയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 282 സീറ്റുകളും എന്‍.ഡി.എ 336 സീറ്റുകളുമാണു നേടിയത്.
ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ കത്തിനില്‍ക്കെയാണ് ബി.ജെ.പിയുടെ സര്‍വേയെന്നതും ശ്രദ്ധേയം. അജയ്യ ഭാരതം അടല്‍ ബി.ജെ.പി’ എന്ന മുദ്രാവാക്യവുമായാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 50 വര്‍ഷം ഇനി ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയായിരിക്കുമെന്ന് അമിത് ഷായും അവകാശപ്പെട്ടിരുന്നു.
മെയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ ‘രാജ്യത്തിന്റെ വികാരം’ എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വേഫലം പറഞ്ഞു. 47% ആളുകളും മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുന്നത് ഇഷ്പ്പെടുന്നില്ല എന്നും കണ്ടെത്തി.
ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ 2019 ല്‍ എന്‍ഡിഎ 282 ഉം യുപിഎ 122 ഉം സീറ്റുകളും നേടുമെന്നാണ് കണ്ടെത്തിയത്. കോണ്‍ഗ്രസിന് ലഭിക്കുക 83 സീറ്റുകളായിരിക്കുമെന്നും സര്‍വേ കണ്ടെത്തി.