നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി.
കഴിഞ്ഞയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച് മമതയും മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടന്ന ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ പുറത്തുവിട്ടത്.
മൃതദേഹങ്ങള്‍ വഹിച്ച് റാലി നടത്തുന്നതിനായി അവ സൂക്ഷിക്കണമെന്നു തൃണമൂല്‍ സ്ഥാനാര്‍ഥി പാര്‍ഥ പ്രതിം റേയോടു മമതയുടേതെന്ന് ആരോപിക്കപ്പെടുന്ന പെണ്‍ശബ്ദം നിര്‍ദേശിക്കുന്നതാണു ശബ്ദരേഖയിലുള്ളത്.
മൃതദേഹങ്ങള്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു ബന്ധുക്കളോടു പറയണമെന്നും പെണ്‍ശബ്ദം നിര്‍ദേശിക്കുന്നു.എന്നാല്‍, അങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും ബി.ജെ.പി. പുറത്തുവിട്ടതു വ്യാജശബ്ദരേഖയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
വികസനത്തില്‍ ഊന്നിയുള്ള തൃണമൂല്‍ പ്രചാരണം ചെറുക്കാനാകാതെ ബി.ജെ.പി. കുതന്ത്രങ്ങള്‍ മെനയുകയാണെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ മമത ആരോപിച്ചു.
ശബ്ദരേഖ സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണത്തിന് ഉത്തരവിടും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ആരെയും വെറുതേവിടില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്നു തനിക്കറിയാമെന്നും മമത പറഞ്ഞു.
അതേസമയം, മമതയും പാര്ഥയുമായുള്ള സംഭാഷണം ബി.ജെ.പി. ചോര്‍ത്തിയെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പരാതി നല്കി.
ബി.ജെ.പിയില്‍നിന്നു തൃണമൂലില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, മുതിര്ന്നനേതാക്കളായ ഡെറിക് ഒബ്രിയാന്, പൂര്‍ണേന്ദു ബസു എന്നിവരാണു പരാതിക്കാര്‍.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തു കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണു മമതയുടെ നീക്കമെന്നാരോപിച്ച് ബി.ജെ.പിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചു.
മൃതദേഹങ്ങള്‍ ഉപയോഗിച്ച് മമത രാഷ്ര്ടീയം കളിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ബംഗാളിലെ അസന്‍സോളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ജയിക്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തുന്ന ശബ്ദരേഖയും അടുത്തിടെ ബി.ജെ.പി. പുറത്തുവിട്ടിരുന്നു.