സീറ്റ് ലഭിക്കാതെ ഇടഞ്ഞുനിൽക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ പാർട്ടിയിലേക്കു ക്ഷണിച്ച് ബിജെപി. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവുവാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്. ബിജെപിയുമായി സഹകരിക്കാൻ തയാറുള്ള ഏതു നേതാക്കളെയും സമ്മർദ്ദ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഏതു നേതാക്കളെയും പാർട്ടികളെയും സംബന്ധിച്ചാണ് ബിജെപി സംസരിക്കുന്നതെന്നു പറയാൻ കഴിയില്ല. എന്നാൽ നിരവധി നേതാക്കളുമായും പാർട്ടികളുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഇവരിൽ പല നേതാക്കളും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാണ്. ജോസഫിന്റെ കാര്യത്തിൽ അദ്ദേഹവുമായി ചർച്ച നടത്താൻ ബിജെപി തയാറാണ്. രാഷ്ട്രീയത്തിൽ ഒന്നും അസാധ്യമല്ല- മുരളീധർ റാവു പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബിജെപി ഗൗരവത്തോടെയാണു കാണുന്നതെന്നും സംസ്ഥാനത്ത് ബിജെപി പടിപടിയായി മുന്നേറ്റത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ മാത്രമല്ല, കേരളത്തിലും കോണ്‍ഗ്രസും സിപിഎമ്മും ധാരണയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.