![](https://www.rashtradeepika.com/library/uploads/2020/12/bjp.jpg)
ലക്നോ: താമരയെ ബിജെപി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടു ഹർജി.
ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശിയായ കാളിശങ്കറാണ് അലഹബാദ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.ദേശീയ പുഷ്പമായ താമര ബിജെപിയുടെ ഉപയോഗിക്കുന്നതു മരവിപ്പിക്കണമെന്നാണു ഹർജിയിൽ ആവശ്യപ്പെടുന്നത്.
രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിൽ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാർട്ടിയുടെ ലോഗോയായി ഉപയോഗിക്കാൻ അവരെ അനുവദിക്കരുതെന്നും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജിയിൽ മറുപടി സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും ബിജെപി ദേശീയ അധ്യക്ഷനോടും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ ജനുവരി പന്ത്രണ്ടിനു കോടതിയിൽ വാദം തുടരും.
2016-ൽ ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിലും സമാനമായ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. 30 വർഷം മുന്‍പാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് താമര ചിഹ്നമായി അനുവദിച്ചത്.