നിയാസ് മുസ്തഫ
കോട്ടയം: 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്താൻ ബിജെ പിയെ തുണച്ചത് നരേന്ദ്രമോദി തരംഗമായിരുന്നു. എന്നാൽ 2019ൽ രാജ്യം പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ ഒരുങ്ങി നിൽക്കുന്ന വേളയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീ സ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകൾ ബിജെപിയുടെ ഭാവി അനിശ്ചിതത്വ ത്തിലാക്കുന്നു. കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകു ന്നുവെന്ന് മാത്രമല്ല, ബിജെപിക്ക് ശക്തമായ വെല്ലുവിളിയും ഉയർത്തിയിരിക്കുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പുള്ള സെമിഫൈനൽ എന്നായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കപ്പെട്ടത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും ഒരേപോലെയാണ് പ്രതീക്ഷ വച്ചുപുലർത്തിയത്. മൊത്തത്തിൽ നോക്കിയാൽ തെരഞ്ഞെടുപ്പു ഫലം കോൺഗ്രസിന് അനുകൂലമാകുന്പോൾ 2019 ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാവി കോൺഗ്രസിന് അനുകൂലമാകുമെന്ന് തന്നെ കരുതാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്പോൾ അതിന്റെ പ്രതിഫലനമായിരിക്കും അഞ്ചു സംസ്ഥാനങ്ങളിലും ഉണ്ടാവുക. കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു രാജസ്ഥാനിലേത്. രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസ് നേടിയിരിക്കുന്നു.
ബിജെപി ഭരിച്ചുവന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രകടമായിരുന്നു. പല സംസ്ഥാനങ്ങളിലും കർഷകരോഷം ആളിക്കത്തി നിൽക്കുന്ന സമയത്താണ് സംസ്ഥാന തെരഞ്ഞെടുപ്പുകൾ വന്നിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കാർഷികമേഖലയ്ക്ക് ഏറ്റ തിരിച്ചടിയാണ് ബിജെപിയെ പ്രതികൂലമായി ബാധിച്ചതെന്ന് പറയാം.
അടുത്തിടെ നടന്ന കർണാടക ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി ഏറ്റു വാങ്ങേണ്ടി വന്നു. ഉപതെരഞ്ഞെടുപ്പുകളിൽ അടിക്കടി ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചിരിക്കുന്നു. ഇത് മോദി യുഗത്തിന് അന്ത്യം കുറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.
കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ടു നിരോധനം, ജിഎസ്ടി എന്നിവ ബൂമറാംഗ് പോലെ ബിജെപിക്കുനേരെ തിരിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പു ഫലം സൂചി പ്പി ക്കുന്നത്.നേതാവെന്ന നിലയിൽ ബഹുദൂരം മുന്നിലെത്തിയ രാഹുൽ ഗാന്ധി ഇപ്പോൾ കോണ്‍ഗ്രസിനെ നയിക്കാൻ പ്രാപ്തനായതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. കോണ്‍ഗ്രസിനിത് അഭിമാനപ്പോരാട്ടമായിരുന്നു. തങ്ങളുടെ അടിത്തറ ഇളകാതെ കാക്കാൻ ബിജെപി കിണഞ്ഞു പരിശ്രമിച്ചിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ബിജെപി നേതൃത്വത്തിന് തന്നെ അറിയാമായിരുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിൽ 2013ൽ അധികാരത്തിലേറിയ ബിജെപിക്ക് പക്ഷേ അഞ്ചു വർഷം കൊണ്ട് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചില്ല എന്നത് വൻ പരാജയമാണ്.
ബിജെപിയുടെ ഉരുക്കുകോട്ടയെന്നു വിശേഷിപ്പിച്ച മധ്യപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇവിടെയും നിലനിന്നത്. കാർഷിക മേഖലയുടെ പതനം, കർഷകരുടെ ആത്മഹത്യ, കാർഷികോത്പന്നങ്ങളുടെ വിലയിടിവ് എന്നിവയെല്ലാം ഏറെ ബാധിച്ച സംസ്ഥാനവും മധ്യപ്രദേശാണ്.
തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ബിജെപിക്കാണ് ഇവിടെ മുൻതൂക്കം പ്രവചിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ പെട്ടെന്ന് മാറിമറിയുകയായിരുന്നു. വിമതരുടെ ശല്യം ബിജെപിയെ പിന്നോട്ടടിക്കുന്ന പ്രധാനഘടകമാണിവിടെ. അയോധ്യാവിഷയം ഉയർത്തിക്കാട്ടി വർഗീയ പ്രചാരണം ബിജെപി ഇവിടെ ആയുധമാക്കിയെങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിയില്ലായെന്ന് കാണാം.
പശുവിന്റെ പേരിൽ നടന്ന കൊലപാതകങ്ങളും മറ്റ് ദളിത് ആക്രമണങ്ങളുമെല്ലാം ബിജെപിക്ക് തിരിച്ചടിയായെന്നു വേണം കരുതാൻ. ഹിന്ദുത്വ വാദം ഉയർത്തിപ്പിടിച്ച് ബിജെപി എല്ലാ തെരഞ്ഞെടുപ്പുകളേയും നേരിട്ടുവെങ്കിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന മൃദുഹൈന്ദവ നയവും ബിജെപിക്ക് ഭീഷണിയാണ് ഉയർത്തിയത്.
ബിജെപിയെ മറികടക്കാൻ ഹിന്ദുത്വ അജണ്ടകളിലൂന്നിയ പ്രചാരണമാണ് കോണ്‍ഗ്രസ് ഇത്തവണ നടത്തിയത്. ഛത്തീസ്ഗഡിൽ അട്ടിമറി വിജയമാണ് കോൺഗ്രസ് നേടിയത്.