കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പരമാവധി സീറ്റുറപ്പിക്കാന്‍ രംഗത്തിറങ്ങിയ ബിജെപി ഗ്രൂപ്പ് പോരില്‍ “വാടുന്നു’.
സ്വര്‍ണക്കടത്ത് കേസും ബിനീഷ് കോടിയേരിയുടെ അറസ്റ്റുമുള്‍പ്പെടെ ഇടത് വിരുദ്ധ പ്രചാരണത്തിന് തുടക്കമിടുകയും പരമാവധി വോട്ടുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഗ്രൂപ്പ് പോര് രൂക്ഷമായത്.
ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ്വഴക്കം ലംഘിച്ച് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതിനെതിരേ മുതിര്‍ന്ന നേതാവ് ശോഭാസുരേന്ദ്രനാണ് ആദ്യം രംഗത്തെത്തിയത്.
സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ലക്ഷ്യംവച്ചായിരുന്നു പ്രതികരണം. ഇന്നലെ മുതിര്‍ന്ന നേതാവ് പി.എം. വേലായുധനും രംഗത്തെത്തി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രനെതിരേ നിലനില്‍ക്കുന്ന അസ്വാരസ്യം മറനീക്കി പുറത്തുവന്നു.
തെരഞ്ഞെടുപ്പിനെ നിലവിലെ വിവാദങ്ങള്‍ ബാധിക്കാന്‍ പാടില്ലെന്നാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നല്കിയ മുന്നറിയിപ്പ്. പരസ്യമായ വിഴുപ്പലക്കലും യാതൊരുവിധ അഭിപ്രായ പ്രകടനങ്ങളും പാടില്ലെന്നും നേതാക്കള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് ശോഭാസുരേന്ദ്രന്റെ പരാതികളെക്കുറിച്ച് പരസ്യപ്രതികരണം വേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പി.എം. വേലായുധന് ഉന്നയിച്ച ആരോപണങ്ങളിലും പാര്‍ട്ടി വിശദീകരണം നല്‍കിയിട്ടില്ല.
സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ആശങ്കയിലാണ്. ഇത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇടത്പക്ഷത്തിനെതിരേയുള്ള വികാരം ബിജെപിക്ക് വോട്ടായി മാറുമെന്ന് സിപിഎമ്മിന് ബോധ്യമായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ബിജെപിക്കുള്ളില്‍ പരിഹരിക്കേണ്ട സംഘടനാ വിഷയങ്ങളില്‍ വരെ പുറത്തു നിന്നുള്ളവര്‍ ഇടപെടുകയും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
പഴയകാല പ്രവര്‍ത്തകരെയും മറ്റും സംസ്ഥാന അധ്യക്ഷനെതിരേ രംഗത്തെത്തിക്കുന്നതിന് പിന്നിലും ഇത്തരക്കാരുടെ ഗൂഢനീക്കങ്ങളാണ്. ഇതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി വി.മുരളീധരനെതിരേയും ആരോപണമുയര്‍ന്നത്.
എന്നാല്‍ ഇത്തരം ആരോപണങ്ങളും അഭിപ്രായ പ്രകടനങ്ങളും പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെന്ന്് സംസ്ഥാന ഘടകം പറയുന്നു. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാണ് സംഘടനാ തലത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നും സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.