സ്വന്തം ലേഖകൻ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്റെ തോൽവിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആരോപണവിധേയനായഹിന്ദു ഐക്യവേദി ജില്ല നേതാവ് പാർട്ടി അച്ചടക്ക നടപടി വരുംമുന്പേ പാർട്ടി വിടാനൊരുങ്ങുന്നു.
ഈ യുവനേതാവിനെതിരെ അച്ചടക്ക നടപടി ഉറപ്പാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നുണ്ട്.പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കേണ്ടവർ ആ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ആ സ്ഥാനാർഥിയുടെ പരാജയത്തിനായി പ്രവർത്തിച്ചെന്ന വിലയിരുത്തൽ തന്നെയാണ് പാർട്ടിക്കുള്ളത്.
തൃശൂർ കോർപറേഷനിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന കുട്ടൻകുളങ്ങര ഡിവിഷനിലാണ് ഗോപാലകൃഷ്ണൻ മത്സരിച്ചു പരാജയപ്പെട്ടത്.
ഇവിടെ സിറ്റിംഗ് കൗണ്‍സിലറായിരുന്ന ലളിതാംബികയ്ക്ക് സീറ്റ് നിഷേധിച്ചെന്ന ആരോപണം ഗോപാലകൃഷ്ണനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചയുടൻതന്നെ ഉയർന്നിരുന്നു.
എന്നാൽ അന്ന് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും തെരഞ്ഞെടുപ്പിൽ ഉണ്ടായ അടിയൊഴുക്കുകൾ ഗോപാലകൃഷ്ണന് തിരിച്ചടിയായി.
പോളിംഗ് കഴിഞ്ഞയുടൻ ഗോപാലകൃഷ്ണൻ ശക്തമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. വോട്ടു മറിച്ചെന്ന ആരോപണമായിരുന്നു ഗോപാലകൃഷ്ണൻ ഇരുമുന്നണികൾക്കുമെതിരെ ഉന്നയിച്ചത്.
മുൻ കൗണ്‍സിലറുടെ ബന്ധുകൂടിയാണ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്. ഇവർക്കെതിരെ നടപടി വേണമെന്ന് പാർട്ടിയിൽ ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ട്.
ഇതിനിടെ ഗോപാലകൃഷ്ണനെതിരെ ഈ യുവനേതാവ് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുമുണ്ട്. തന്നേയും കുടുംബത്തേയും അപവാദങ്ങൾ പറഞ്ഞ് അപമാനിക്കുന്നുവെന്ന പരാതിയാണ് നൽകിയിരിക്കുന്നത്.
വീട്ടിൽ നടന്ന പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ മറ്റു തരത്തിൽ വ്യാഖ്യാനിച്ച് സോഷ്യൽമീഡിയവഴി അപവാദ പ്രചരണം നടത്തിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണനെതിരെ ഉന്നയിച്ചിരിക്കുന്നത്.
തനിക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന ഉറപ്പായ സാഹര്യത്തിലാണ് ഈ യുവനേതാവ് മറ്റു പാർട്ടികളിലേക്ക് ചേക്കേറാൻ ശ്രമം ഉൗർജിതമാക്കിയിരിക്കുന്നത്. ഇടതുപക്ഷ ചേരിയിലേക്കാണ് ഇവർ പോകുന്നതെന്നാണ് സൂചന.
കൂടെ ബന്ധുവായ മുൻ കൗണ്‍സിലറും ഉണ്ടാകുമെന്നും പറയപ്പെടുന്നു. ഇവരെ അനുകൂലിക്കുന്നവരും പാർട്ടി വിടുമെന്നാണ് പ്രചരണമെങ്കിലും ഇവർ പോവുകയാണെങ്കിൽ ഇവർ മാത്രമേ ഉണ്ടാകൂവെന്നും കൂടെയാരും ഉണ്ടാകില്ലെന്നും ബിജെപിയിലെ പ്രമുഖ നേതാക്കൾ പ്രതികരിച്ചു.
അച്ചടക്ക നടപടിയെടുത്തില്ലെങ്കിൽ ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും പാർട്ടിക്കെതിരെ നിലകൊണ്ട ഇതിലും വലിയ നേതാവിനെതിരെ തൃശൂരിൽ അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.