സ്വന്തം ലേഖകൻ
തൃശൂർ: നാമനിർദ്ദേശപത്രിക തള്ളിയ സാഹചര്യത്തിൽ സ്ഥാനാർഥിയില്ലാതായ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ബിജെപി അനുഭാവികളായ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തില്ലെന്ന് സൂചന.
തങ്ങളുടെ പാർട്ടി സ്ഥാനാർഥിയില്ലാത്ത മണ്ഡലത്തിൽ എന്തിന് വോട്ടു ചെയ്യണമെന്ന ചോദ്യമാണ് ബിജെപി പ്രവർത്തകരും അനുഭാവികളും ഉന്നയിക്കുന്നത്.
ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പാർട്ടി പ്രവർത്തകരേയും വോട്ടർമാരേയും പറഞ്ഞു ബോധ്യപ്പെടുത്തിയാൽ മാത്രമേ പിന്തുണ വോട്ടായി മാറുകയുള്ളു.
ഇനിയുള്ള ദിവസങ്ങളിൽ ബിജെപിയുടെ ശ്രമം ഇതിനാണ്. എന്നാൽ ഇതെത്രമാത്രം വിജയിക്കുമെന്നതിൽ പരക്കെ സംശയമുണ്ട്.
സാധാരണ വോട്ടർമാരെ ബൂത്തിലെത്തിക്കാനും വോട്ടു ചെയ്യിക്കാനും ബിജെപി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. നമ്മുടെ സ്ഥാനാർഥിയില്ലെങ്കിലും വോട്ടർമാർ ഒരു കാരണവശാലും വോട്ടു ചെയ്യാതിരിക്കരുതെന്ന അഭ്യർത്ഥ ബിജെപി നേതാക്കൾ വോട്ടർമാർക്ക് മുന്നിൽ വച്ചിട്ടുണ്ട്.
ബിജെപിക്ക് കാൽലക്ഷത്തിലേറെ വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഗുരുവായൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച വോട്ടിംഗ് നിലയുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഗുരുവായൂരിലെ ബിജെപി വോട്ടുകൾ പാഴാകാതിരിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്.സമ്മതിദാനവകാശം എന്തായാലും വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് നേതാക്കൾ വരും ദിവസങ്ങളിൽ ഗുരുവായൂരിൽ സജീവമാകും.