എതിരാളികളിലെ പ്രബലരെ അവിടെനിന്ന് പുകച്ചു പുറത്തുചാടിച്ച് തങ്ങള്‍ക്കൊപ്പം കൂട്ടുകയെന്ന തന്ത്രമാണ് അടുത്തിടെയായി ബിജെപി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഒഴികെ മിക്കയിടത്തും ഈ നീക്കം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നോട്ടമെത്തിയ ബംഗാളിലും അപ്പോള്‍ ഇതേ കൗശലമാണ് ബിജെപി നടപ്പിലാക്കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജിയുടെ വിശ്വസ്തനെ തന്നെ എതിര്ക്യാമ്പിലെത്തിക്കുക. മുന്‍ കേന്ദ്രമന്ത്രിയും തൃണമൂലിലെ രണ്ടാമനുമായ മുകുള്‍ റോയിയിലൂടെ ആ ലക്ഷ്യം അവര്‍ നേടുകയും ചെയ്തു.
രാജിവയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു. അതേസമയം, ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് ദുര്‍ഗാ പൂജയ്ക്ക് ശേഷം തന്റെ തീരുമാനം വ്യക്തമാക്കാമെന്നും മുകുള്‍ റോയ് പറഞ്ഞു. നേരത്തേ, മുകുള്‍ റോയിയെ സ്വാഗതം ചെയ്ത് ബംഗാള്‍ ബിജെപി ഘടകം രംഗത്ത് വന്നിരുന്നു. മുന്‍ റെയില്‍വേ മന്ത്രികൂടിയായ മുകുള്‍ റോയ് പാര്‍ട്ടിയില്‍ മമത ബാനര്‍ജിയുടെ വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെട്ടിരുന്നത്.
തൃണമൂല്‍ നേതൃത്വത്തിലെ പ്രമുഖനുമായി പാര്‍ട്ടി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പ്രസിഡന്റ് ദിലീപ് ഘോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ആരാണെന്ന് ഘോഷ് അറിയിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിടുകയാണെന്ന് മുകുള്‍ റോയ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ച് റോയ് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ബിജെപിയുടെ ഭാഗമാവുമെന്നു തന്നെയാണ് സൂചന. റോയ് വലിയ നേതാവാണ്. അദ്ദേഹം ബിജെപിയില്‍ ചേരുമോയെന്ന് എനിക്കറിയില്ല, എന്നാല്‍ ഡല്‍ഹിയില്‍ ഞങ്ങളുടെ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട് മുകുള്‍ റോയിയുടെ ബിജെപി പ്രവേശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ദിലീപ് ഘോഷ് പ്രതികരിച്ചത്. അടുത്തദിവസം തന്നെ റോയ് പ്രധാനമന്ത്രിയെ കണ്ടേക്കുമെന്ന് സൂചനയുണ്ട്.