തൃശൂർ: ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാറിനെതിരേ സ്ഥിരം കുറ്റവാളിയെന്ന പേരിൽ കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരേ ജില്ലയിലെന്പാടും ബിജെപി പ്രതിഷേധം.
അനീഷിനെതിരേ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ ബിജെപി മാർച്ച് നടത്തി. പോലീസ് നൽകിയ റിപ്പോർട്ടിനെ നിയമപരമായിതന്നെ നേരിടുമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു.
നിരവധി കേസകളിൽ പ്രതിയാണ് അനീഷെന്ന് പറഞ്ഞാണ് അനീഷിനെതിരേ സ്ഥിരം കുറ്റവാളി കേസ് ചുമത്തിയിരിക്കുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരേ ചുമത്തുന്ന നടപടിക്രമമാണിത്. ആറു മാസത്തിനുള്ളിൽ ഇനി ഏതെങ്കിലും കേസിൽ പ്രതിയായാൽ അനീഷ് കുമാറിനെതിരേ കാപ്പ ചുമത്തും.
ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. ഇന്നുതന്നെ കോടതിയിൽ ഹാജരായി നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.
കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരും. അതേസമയം ഇത് രാഷ്ട്രീയ പകപോക്കലാണെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരേ സാധാരണ ഇത് ചുമത്താറില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വന്പിച്ച വിജയം കൈവരിച്ചതിൽ വിറളി പൂണ്ട സിപിഎം പകപോക്കലാണ് ജില്ലാ പ്രസിഡന്റിനെതിരായ നീക്കമെന്നും അനീഷിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. അനീഷിനു പുറമെ രണ്ടു പേർക്കെതിരേ കൂടി പോലീസ് ഇത്തരത്തിൽ റിപ്പോർട്ടു നൽകി കേസെടുത്തിട്ടുണ്ട്.