ന്യൂഡല്‍ഹി: ഉത്തരേന്ത്യയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പിടിച്ച ശേഷം ദക്ഷിണേന്ത്യയിലും ബിജെപിയുടെ തേരോട്ടം. കര്‍ണാടകയിലെ വിജയത്തോടെ ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കുകയാണ് ബിജെപി. കേരളവും കര്‍ണാടകയും തമിഴ്‌നാടും ആന്ധ്രയും തെലുങ്കാനയും ഗോവയുമുള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടിടങ്ങളില്‍ ഇതോടെ ഭരണം ബിജെപിയ്ക്കായി. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഒരേ സമയം രണ്ടിടത്ത് ഭരണം കിട്ടുന്നത്. നേരത്തേയും കര്‍ണ്ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്.
ത്രിപുരയിലെ ചരിത്രവിജയത്തിനു ശേഷം അമിത് ഷായുടെയും സംഘത്തിന്റെയും ശ്രദ്ധ മുഴുവന്‍ കര്‍ണാടക തിരഞ്ഞെടുപ്പിലായിരുന്നു. എന്നാല്‍ ഇതിനു മറുതന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തയതോടെ കളം മുറുകി. ലിംഗായത്തുകളെ മതപദവയിലേക്ക് ഉയര്‍ത്തിയുള്ള മത കാര്‍ഡ് ഇറക്കിക്കളിച്ചെങ്കിലും സമയോചിതമായി ഇടപെട്ട അമിത്ഷായുടെ തന്ത്രങ്ങള്‍ക്കായിരുന്നു അന്തിമ വിജയം. മൂന്നാഴ്ച ബംഗളുരുവില്‍ നിലയുറപ്പിച്ചാണ് അമിത് ഷാ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ആര്‍എസ്എസിന്റെ പിണക്കം വെല്ലുവിളിയായി. ഇതോടെ അവസാന ദിവസങ്ങളില്‍ പരിവാറുകാരനായ റാം മാധവിനെ കര്‍ണ്ണാടകയില്‍ രംഗത്തിറക്കി. ഇത് ഗുണകരമായി. മോദിയുടെ പ്രചരണത്തിനൊപ്പം ഇരുവരും ചേര്‍ന്നതോടെ കര്‍ണ്ണാടകയും ബിജെപി പക്ഷത്തേക്ക് തിരിഞ്ഞു.
ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും സീറ്റ് കുറഞ്ഞത് ക്ഷീണമായി. എന്നാല്‍ ഹിമാചലിലെ വിജയം പാര്‍ട്ടിക്ക് ഊര്‍ജമായി. മോദി പ്രഭാവം കുറയുന്നെന്ന് വിലയിരുത്തപ്പെട്ടെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം മോദി-അമിത് ഷാ തന്ത്രങ്ങളുടെ ബാക്കിപത്രമായിരുന്നു. ത്രിപുരയില്‍ ചരിത്രത്തിലാദ്യമായി ഭരണം പിടിച്ചതും മേഘാലയയില്‍ ഭരണത്തിലേറാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ടുവിഹിതം വര്‍ധിപ്പിക്കാനായതും ബിജെപിയ്ക്കു നേട്ടമായി.
മോദി അധികാരത്തിലെത്തുമ്പോള്‍ ഏഴിടത്ത് മാത്രമായിരുന്നു ബിജെപി ഭരണം. അതാണ് ഇപ്പോള്‍ ഇരട്ടിയും കടന്ന് കുതിക്കുന്നത്. കര്‍ണ്ണാടകയും അനുകൂലമായതോടെ 16 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഭരണമാണ്. അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. ഇതിനൊപ്പം കര്‍ണ്ണാടകയും ചേരും. ബീഹാര്‍, ജമ്മുകശ്മീര്‍, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം. അങ്ങനെ 20 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഭരണ സാന്നിധ്യം ഇനി അവകാശപ്പെടാം. അതായത് ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യമെങ്ങും സ്വാധീനം ചെലുത്താനാകുന്ന നേതാവായി മോദി മാറുകയാണ്.
പഞ്ചാബിലും മിസോറാമിലും പുതുചേരിയിലും മാത്രമാണ് ഇനി കോണ്‍ഗ്രസ് ഭരണമുള്ളത്. ബംഗാള്‍ തൃണമൂലം കേരളം സിപിഎമ്മും ഭരിക്കുന്നു. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു ബിജെപി ക്യാമ്പിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് പിണങ്ങി മാറി. തെലുങ്കാനയില്‍ ടിആര്‍എസ് ഭരണമാണ്. തമിഴ്നാട്ടില്‍ എഡിഎംകെയും. ഒഡീഷയില്‍ നവീന്‍ പട്നായികും.ബാക്കിയെല്ലായിടത്തും ബിജെപിയുടെ കാവിക്കൊടി പറക്കുകയാണ്. ജാതി സമവാക്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്ന കര്‍ണാടകയില്‍ അവ അനുകൂലമാക്കാനും ബിജെപിക്കു കഴിഞ്ഞു.
ജിഎസ്ടി, നോട്ട് നിരോധനം ആരോപണങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. രാഹുല്‍ ഗാന്ധിയ്ക്കും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഇതൊന്നും. കര്‍ണാടകയിലെ ഭരണം പിടിക്കാനായതോടെ രാജ്യസഭയിലും ബിജെപിയ്ക്കു ശക്തിയേറും. പെട്രോള്‍ വിലവര്‍ദ്ധനവിലെ ജനരോഷം പോലും മതുലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നാണ് കര്‍ണ്ണാടക നല്‍കുന്ന പ്രധാന സൂചന.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ 22വര്‍ഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിര്‍ത്തിയപ്പോള്‍ ഹിമാചല്‍ പ്രദേശ് ബിജെപി കോണ്‍ഗ്രസ്സില്‍ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. ത്രിപുരയില്‍ ബിജെപി നേടിയത് ചരിത്ര വിജയമായിരുന്നു. ഇടത് കോട്ടയിലെ വമ്പന്‍ വിള്ളലാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നര ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് അമ്പതിനോട് അടുത്ത് ശതമാനമായി ബിജെപി വളര്‍ത്തിയത്. ത്രിപുരിയിലെ ഈ വിജയത്തിനിടെ ബിജെപിയെ തളര്‍ത്താന്‍ ഉത്തര്‍ പ്രദേശിലേയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെത്തി. ശിവസേനയും ബിജെപിയെ തള്ളിപ്പറഞ്ഞു. ഇതോടെ ആവേശത്തോടെ രാഹുല്‍ കര്‍ണ്ണാടകയില്‍ നിറഞ്ഞു. എന്നാല്‍ മോദി-അമിത് ഷാ തന്ത്രങ്ങള്‍ അതെല്ലാം അപ്രസക്തമായി.
മോദി അധികാരത്തിലെത്തുമ്പോള്‍ ഗുജറാത്തും ജാര്‍ഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ്ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതില്‍ മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. പലയിടത്തും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെപ്പോലും അപ്രസക്തമാക്കുന്ന വിജയമാണ് ബിജെപി നേടിയത്.
ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തായിരുന്നു നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇന്ത്യയൊട്ടാകെയുള്ള തേരോട്ടത്തിന് തുടക്കമിട്ടത്. മോദി പ്രധാനമന്ത്രിയായ ശേഷം ഡല്‍ഹിയിലാണ് ബിജെപിക്ക് വമ്പന്‍ തിരിച്ചടിയുണ്ടായത്. ഇവിടെ ആംആദ്മി പാര്‍ട്ടി വലിയ വിജയം നേടി. ബീഹാറിലും നിതീഷ് കുമാറിന് മുമ്പില്‍ അടിതെറ്റി. പക്ഷേ ഇപ്പോള്‍ നിതീഷ് മോദിക്കൊപ്പമാണ്. പഞ്ചാബില്‍ ബിജെപിക്ക് വലിയ കരുത്തില്ല. ശിരോമണി അകാലിദളാണ് അവിടെ എന്‍ഡിഎയിലെ വമ്പന്‍. ഇവിടെ മാത്രമാണ് മോദിക്ക് കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നത്.
ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി മുന്‍പ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്തുകൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മിസ്സോറാം, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരിക്കല്‍ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല. ഇവ പിടിക്കുകയെന്ന ദൗത്യമാണ് മോദിക്ക് മുന്നില്‍ ഇനിയുള്ളത്. എന്നാല്‍ കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും പിടിക്കുന്നതിന് ബിജെപി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രിയത്തില്‍ ബിജെപിയ്ക്ക് വലിയ പ്രാധാന്യമില്ല. കേരളത്തിലും ബംഗാളിലും നിര്‍ണായകമാവുന്ന ന്യൂനപക്ഷ വോട്ടുകള്‍ അധികാരത്തില്‍ വരുന്നത് ബിജെപിയ്ക്ക് ബാലികേറാ മലയാക്കുന്നു.