ബംഗളൂരു: ആവശ്യമെങ്കിൽ നുണ പറയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിപ്പറയുന്നതിൽ തെറ്റില്ലെന്നുമുള്ള കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പയുടെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലാകുന്നു. വീഡിയോയെ അടിസ്ഥാനമാക്കി നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജെപി ഇപ്പോൾ ചെയ്യുന്നതും അതുതന്നെയാണല്ലോയെന്നാണ് ഒരു ട്രോൾ.
ഒരുകാര്യവും അറിയില്ലെന്നു പറയരുത്. അറിയാത്ത കാര്യത്തെക്കുറിച്ച് ആവശ്യമെങ്കിൽ കള്ളം പറയാം. വാജ്പേയിയുടെ ഭരണകാലത്തു പാക്കിസ്ഥാനികൾ ഇന്ത്യൻ പട്ടാളക്കാരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ പറയണം, വാജ്പേയി ഭരണകാലത്തു പാക്കിസ്ഥാനികൾ ഇന്ത്യൻ പട്ടാളക്കാരെ തൊടാൻ ധൈര്യം കാണിച്ചിട്ടില്ലെന്ന്- ഈശ്വരപ്പ പറയുന്നു.
നരേന്ദ്ര മോദിയുടെ കാര്യത്തിൽ നിങ്ങൾ പറയണം, പാക്കിസ്ഥാനികളെ വെറുതെ വിട്ടിട്ടില്ലെന്ന്. നരേന്ദ്ര മോദി കരുത്തനായ മനുഷ്യനാണ്. അതിനാൽ അങ്ങനെ പറയുന്നതിൽ എന്താണു തെറ്റ്? നിങ്ങൾക്കു കൂടുതലൊന്നും അറിയണമെന്നില്ല, എങ്കിലും നരേന്ദ്ര മോദിയുടെ പേര് ഉപയോഗിക്കണം. മോദി ശക്തനാണെന്നു ലോകം മുഴുവൻ അംഗീകരിച്ച കാര്യമാണ്. അതിനാൽ അൽപം പൊക്കിപ്പറയുന്നതിൽ എന്താണ് കുഴപ്പമെന്നും ഈശ്വരപ്പ ചോദിക്കുന്നു. അതേസമയം വിവാദത്തെക്കുറിച്ചു ഈശ്വരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.