രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിന് പിന്നില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന യു.എന്‍ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് മുസ്ലിംകള്, പട്ടികജാതി, ആദിവാസികള്‍, ക്രൈസ്തവര്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ ബി.ജെ.പി നേതാക്കളുടെ തീവ്രവികാരമുണര്‍ത്തുന്ന പരാമര്‍ശങ്ങളാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തീവ്രവികാരമുണര്‍ത്തുന്ന ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളും വിദ്വേഷ പ്രസംഗവും അക്രമത്തിന്റെ തോത് വര്‍ധിപ്പിക്കുന്നുവെന്ന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ചില പ്രദേശങ്ങളില്‍ ദേശീയ പാര്‍ട്ടി എന്ന് അവകാശപ്പെട്ട് ഭരണത്തിലിരിക്കുന്നവര്‍ പൗരന്മാരെ കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരുമാക്കുകയാണെന്നും അസമിലെ ദേശീയ പൗരത്വപട്ടിക ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എന്‍.എച്ച്.ആര്.സി നിയമിച്ച പ്രത്യേക ഉദ്യോഗസ്ഥ ഇ. തെന്റയി അചയിമെയുടെ റിപ്പോര്‍ട്ടാണ് ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വംശീയ, വര്‍ഗീയ, വിവേചനപരമായ അക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പഠിക്കുന്നതിനായാണ് യു.എന്‍ ഇ. തെന്റയി അചയിമെയെ നിയമിച്ചത്. ഈ റിപ്പോര്‍ട്ട് യു.എന്നിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് ചര്‍ച്ചക്കായി ജനറല്‍ അസംബ്ലിക്ക് വിട്ടു.
ദേശീയ പൗരത്വ രജിസ്ട്രേഷനെതിരായി ഇന്ത്യ സര്‍ക്കാരിന് കത്തയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവിധ ഉറവിടങ്ങള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന വംശീയ-വര്‍ഗീയ പരാമര്‍ശങ്ങളും പഠനത്തിന്റെ ഭാഗമായി ഉദ്ധരിച്ചിട്ടുണ്ട്.