കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെല്ലാം പാളിയെങ്കിലും ബിജെപി പയറ്റിയ പുതിയ പ്രചരണ തന്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും നൂതനമായ വശമായ ഡീപ്പ് ഫേക്ക് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് വൈസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെബ്രുവരി എട്ടിനായിരുന്നു ദില്ലി തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഫെബ്രുവരി ഏഴിന് ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷിലും, ഹിന്ദിയുടെ ഭഗഭേദമായ ഹരിയാന്‍വിയിലും ഉള്ള 44 സെക്കന്റുള്ള വീഡിയോ ആണ് ഇത്.
ഇത് പ്രകാരം ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ എതിരാളികളായ ആംആദ്മി പാര്‍ട്ടിയെയും കെജ്രിവാള്‍ സര്‍ക്കാറിനെതിരെയും മനോജ് തിവാരി തന്റെ വിമര്‍ശനം നടത്തുന്നു. ഒപ്പം താമര ചിഹ്നത്തിന് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.
എന്നാല്‍ കാഴ്ചയില്‍ ഇത് ഒരു സാധാരണ വീഡിയോയായി തോന്നാമെങ്കിലും ഇത് ഡീപ്പ് ഫേക്ക് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച വീഡിയോയാണിത്. തങ്ങള്‍ ഇത്തരം ഡീപ്പ് ഫേക്ക് വീഡിയോകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് ദില്ലിയിലെ ബിജെപി ഐടി സെല്‍ ഇപ്പോള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അത് പൊസറ്റീവായി മാത്രിമാണ് ഉപയോഗപ്പെടുത്തിയത് എന്നും ഇവര്‍ പറയുന്നു.
ഐഡിയാസ് ഫാക്ടറി എന്ന പൊളിറ്റിക്കല്‍ കമ്യൂണിക്കേഷന്‍ സ്ഥാപനം ഇതിനായി ദില്ലി ബിജെപി ഘടകത്തിന്റെ പങ്കാളികളായി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡീപ്പ് ഫേക്ക് ടെക്‌നോളജി ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തോത് കൂടുതല്‍ ഫലപ്രദമാക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് വൈസിനോട് സംസാരിച്ച ദില്ലി ബിജെപി ഐടി സെല്‍ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് നീലകണ്ഠ ബക്ഷി സമ്മതിക്കുന്നു.
പ്രത്യേക ഭാഷ സംസാരിക്കുന്ന വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി നിങ്ങള്‍ ചൂണ്ടികാട്ടിയ പ്രദേശിക ഭാഷയിലുള്ള വീഡിയോ സഹായിക്കും എന്നും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു. ഒരാളുടെ ശരീരത്തില്‍ മറ്റൊരാളുടെ മുഖം ലയിപ്പിക്കുന്ന രീതിയാണ് ഡീപ്പ് ഫേക്ക് ടെക്‌നോളജി.
മുഖ ചലനങ്ങള്‍ ശരീരവുമായി യോജിക്കുന്നതായതിനാല്‍ ഇത് തിരിച്ചറിയാന്‍ ലേശം ബുദ്ധിമുട്ടാണ്. എന്നാല്‍ ഇത്തരം ഡീപ്പ് ഫേക്ക് ടെക്‌നോളജി ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.