തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. “പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് മുദ്രാവാക്യം.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ വച്ചാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വിജയ് യാത്രയുടെ സമാപനവേദിയിൽ നടൻ ദേവൻ ബിജെപിയിൽ ചേർന്നു.
കേരള പീപ്പിൾസ് എന്ന സ്വന്തം പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചാണ് ദേവൻ സംഘടനയിലേക്ക് വരുന്നത്. പതിനേഴു വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന കേരള പീപ്പിൾസ് പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു.
ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഞായറാഴ്ച ബിജെപിയിൽ ചേർന്നു.