വടകര: പ്രഖ്യാപിത നിലപാടിനു വിരുദ്ധമായി വടകര പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കു വോട്ടുചോർന്നുവെന്ന പ്രചാരണത്തിലെ വസ്തുത തേടി ആർഎസ്എസ്. കടുത്ത എതിരാളിയായ പി.ജയരാജനെ തോൽപിക്കണമെന്ന പ്രാദേശിക വികാരത്തിനുപരിയായി അണികളെ ക്രോസ് വോട്ട് ചെയ്യാൻ ചില ബിജെപി നേതാക്കൾ പ്രേരിപ്പിച്ചുവെന്ന ആക്ഷേപമാണ് ആർഎസ്എസ് അന്വേഷിക്കുന്നത്.
ദേശീയ തലത്തിൽ കോണ്ഗ്രസുമായി കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും യുഡിഎഫിനു വോട്ടുചെയ്യരുന്നതെന്നു ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഇതുകൂടാതെ ഈക്കാര്യം ഓർമിപ്പിച്ചു കൊണ്ട് ആർഎസ്എസ് നിർദേശപ്രകാരം സർക്കുലറും ഇറക്കിയതായി പറയുന്നു. എന്നാൽ സംസ്ഥാനത്ത് കടുത്ത മത്സരം നടന്ന വടകരയിൽ ഈക്കാര്യം അട്ടിമറിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ.
കാൽ ലക്ഷം വോട്ടെങ്കിലും യുഡിഎഫ് പാളയത്തിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. എൻഡിഎ സ്ഥാനാർഥി വി.കെസജീവനും ഈക്കാര്യം ആർഎസ്എസ് നേതൃത്വത്തിട്ടുണ്ടെന്നു മാധ്യമ റിപ്പോർട്ട് വന്നുകഴിഞ്ഞു. തലശേരി മണ്ഡലത്തിൽ പി.കെ.കൃഷ്ണദാസ്, വി.മുരളീധര ഗ്രൂപ്പുകൾ സജീവമാണ്. ഈ ഗ്രൂപ്പുകൾ വോട്ടുമറിക്കാൻ മത്സരിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അൻപതു വർഷംമുൻപ് തുടങ്ങിയ സിപിഎം-ആർഎസ്എസ് പോരിന്റെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. തലശേരി താലൂക്കിൽ നിരവധി ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവങ്ങളിൽ ചിലതിൽ പി.ജയരാജനു പങ്കുണ്ടെന്നാണ് അണികളുടെ വിശ്വാസം. ഇക്കാര്യത്തിൽ ജയരാജനെതിരെയുള്ള പ്രതിഷേധം വോട്ടായി ഒഴുകിയെന്നും ഇതിനു ബിജെപിയിലെ ചില നേതാക്കൾ കൂട്ടുനിന്നുവെന്നുമാണ് പറയപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വി.കെ.സജീവന് മുക്കാൽ ലക്ഷത്തിലേറെ വോട്ടുലഭിച്ച മണ്ഡലമാണ് വടകര. ഇക്കുറിയതു ഒന്നേ കാൽ ലക്ഷമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ് തലശ്ശേരി മണ്ഡലത്തിൽ നിന്നും ഗണ്യമായി വോട്ടു ചോർന്നതായി മനസിലായത്. ഇതിനുത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് പാർട്ടിയിൽ ആവശ്യമുയരുന്നത്.