കോണ്‍ഗ്രസിന് പേടിയെങ്കില്‍ ബിജെപി! സിപിഎം പ്രവര്‍ത്തകര്‍ ദളിത് സ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ സാക്ഷി പറയാന്‍ കോണ്‍ഗ്രസിനു പേടി, ഞങ്ങള്‍ റെഡിയെന്ന് ബിജെപി

youvathiകണ്ണൂര്‍ തലശേരി കുട്ടിമാക്കൂലില്‍ ദളിത് കുടുംബത്തിനുനേരെയുണ്ടായ അതിക്രമം സംബന്ധിച്ച കേസില്‍ സാക്ഷി പറയാന്‍ കോണ്‍ഗ്രസുകാര്‍ പോലും തയാറാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. തലേശരി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ കുട്ടിമാക്കൂലിലെ കുനിയില്‍ രാജന്റെ കുടുംബത്തെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന കേസിലാണ് സാക്ഷി പറയാന്‍ ആളെകിട്ടാത്തത്.

സിപിഎം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനെതിരേ രാജന്റെ മക്കളായ അഞ്ജുനയും അഖിലയും പാര്‍ട്ടി ഓഫീസില്‍ കയറിച്ചെന്ന് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഒരു സംഘം രാജനെയും മക്കളെയും ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം പരാതിപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലാണ് സാക്ഷി പറയാന്‍ ആളില്ലാത്തത്. അതേസമയം രാജ്യശ്രദ്ധ നേടിയ സംഭവത്തില്‍ രാജന്റെ കുടുംബത്തിനു സഹായമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ നിയമസഹായം നല്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം.

സിപിഎമ്മിനെ ഭയന്നാണ് പ്രവര്‍ത്തകരാരും സാക്ഷി പറയാന്‍ തയാറാകത്തതെന്നാണ് കോണ്‍ഗ്രസ്് നേതൃത്വം പറയുന്നത്. ദേശീയ പട്ടികജാതി കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ദല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും താമസസൗകര്യവും നല്‍കാന്‍ തയ്യാറാണെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ ദളിത് സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദളിത് പീഡനങ്ങളില്‍ പാര്‍ട്ടിയുടെ സത്‌പേര് ഇടിയുന്നത് തടയാന്‍ ഇതുമൂലം സാധിക്കുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.

അതേസമയം, ബിജെപിയുടെ അപ്രതീക്ഷിത നീക്കം സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവസമയത്ത് കെപിസിസിയുടെ നേതൃത്വത്തില്‍ തലശേരിയില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. പിന്നീട് വിവാദം കെട്ടടങ്ങുകയും ചെയ്തിരുന്നു. ഇപ്പോള്‍ ബിജെപി വിഷയം കുത്തിപ്പൊക്കുന്നത് സിപിഎം ഗൗരവമായിട്ടാണ് കാണുന്നത്.

Related posts