സിപിഎമ്മിന്റെ രാജ്യത്തെ ഏക ഉരുക്കുകോട്ടയാണ് ത്രിപുര. പശ്ചിമബംഗാളില്‍ തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ ഇടയ്ക്കിടെ മാറ്റിമാറി അധികാരത്തില്‍ വരുമ്പോഴും ത്രിപുര ചുവപ്പണിഞ്ഞ് തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് ന്യൂസ് എക്സ് – ജന്‍ കിബാത്ത് അഭിപ്രായ സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറെക്കുറെ അടുത്തു നില്ക്കുന്ന സര്‍വേ നടത്തിയവരാണ് ജന്‍ കി ബാത്ത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് സര്‍വേഫലം.
ബിജെപി-ഐപിഎഫ്ടി സഖ്യം കേവല ഭൂരിപക്ഷം സര്‍വേ പറയുന്നു. സഖ്യം 31 മുതല്‍ 37 സീറ്റുകള്‍ വരെ നേടും. സിപിഎം 23 മുതല്‍ 29 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും സീറ്റുകള്‍ ഒന്നും ലഭിക്കില്ല. ബിജെപി സഖ്യം 58 ശതനമാനം വോട്ടുകള്‍ നേടും. സിപിഎമ്മിന്റെ വോട്ട് വിഹിതം 42 ശതമാനമായി ചുരുങ്ങുമെന്നും സര്‍വേ പറയുന്നു. ഫെബ്രുവരി 18 നാണ് തൃപുര നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ വേണം. ബിജപി 51 സീറ്റുകളിലാണ് മത്സരിക്കുന്നത്. ശേഷിക്കുന്നവയില്‍ ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐപിഎഫ്ടിയും മത്സരിക്കുന്നു. മാര്‍ച്ച് 3 നാണ് വോട്ടെണ്ണല്‍.
ഇത്തവണ ത്രിപുര പിടിക്കാന്‍ ശക്തമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയാണ് ത്രിപുരയിലും പാര്‍ട്ടി പയറ്റുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്താണ് ബിജെപി സംസ്ഥാനത്ത് ശക്തി പ്രാപിച്ചത്. കഴിഞ്ഞതവണ വെറും 1.5 ശതമാനം മാത്രമായിരുന്നു കാവിപ്പാര്‍ട്ടിയുടെ വോട്ട് ശതമാനം. മറുവശത്ത് മണിക് സര്‍ക്കാരെന്ന ജനകീയ നേതാവിനെ മുന്‍നിര്‍ത്തി അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം.