ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അശ്വമേധം. മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ആധിപത്യം ബിജെപിക്കുണ്ട്. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ആപ്പ്. അവസാന റിപ്പോര്‍ട്ടുകളില്‍ 182 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 41 ഇടത്ത് കോണ്‍ഗ്രസും 31 ഇടത്ത് ആംആദ്മിയും 6ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. അഭിപ്രായ സര്‍വേകളില്‍ പറയുന്നതിലും വലിയ നേട്ടത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബിജെപി വന്‍ വിജയമാണ് നേടിയിരിക്കുന്നത്.
ആദ്യമായിട്ടാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ മത്സരിക്കുന്നത്. രണ്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിന് ഈ ഫലം വലിയ തിരിച്ചടിയാണ്. ബിജെപി ഭരണത്തിലിരിക്കുന്ന കോര്‍പറേഷനുകള്‍ ആണെങ്കില്‍ കൂടിയും മികച്ച പോരാട്ടം പോലും ആപ്പിന് നടത്താന്‍ കഴിഞ്ഞില്ല. അടുത്തിടെ രജൗറി ഗാര്ഡന് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയപ്പോള്‍ ആപ്പിന് കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു. 10 വര്‍ഷമായി ഡല്‍ഹിയിലെ മൂന്നു എംസിഡികളും ഭരിക്കുന്നത് ബിജെപിയാണ്.
പ്രദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പ് ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. 2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. കേജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രധാനചര്‍ച്ചാവിഷയം. രണ്ടുവര്‍ഷത്തെ കേജരിവാള്‍ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ജനവിധിയെന്നാണ് ബിജെപിയുടെ അഭിപ്രായം. അതേസമയം നക്സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആഘോഷം വേണ്ടെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
പ്രാദേശിക തെരഞ്ഞെടുപ്പായിരുന്നെങ്കിലും ബിജെപി മോദി സര്‍ക്കാരിന്റെ ഭരണനേട്ടത്തെ മുന്‍നിര്‍ത്തിയായിരുന്നു പ്രചരണം നടത്തിയത്. നോട്ട് നിരോധനവും സെര്‍ജിക്കല്‍ സ്ട്രൈക്കും പലപ്പോഴും ചര്‍ച്ചാവിഷയമായി. അതിനിടെ ആംആദ്മിയെ ശക്തമായി കടന്നാക്രമിക്കാനും ബിജെപി നേതാക്കള്‍ സമയം കണ്ടെത്തി. അതേസമയം, കോണ്‍ഗ്രസിന്റെ ചെറിയ തിരിച്ചുവരവിനും തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കനും ആശ്വസിക്കാനുള്ള വക ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലം ഏറെ വിഷമിപ്പിക്കുക കേജരിവാളിനെയാണ്. മോദിയുടെ ശക്തനായ വിമര്‍ശകനായിരുന്ന കേജരിവാളിന് തന്ത്രങ്ങളില്‍ മാറ്റംവരുത്തേണ്ടി വരുമെന്നാണ് സൂചനകള്‍.