ഉള്ളിവില വര്‍ധനവിനെതിരേയുള്ള പ്രതിഷേധമായി 30 രൂപയ്ക്ക് ഉള്ളിവിറ്റ കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്‌റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി.
ഉള്ളവിലക്കയറ്റത്തില്‍ പ്രതിഷേധിക്കാനായെത്തിയപ്രവര്‍ത്തകരെ തുടക്കം മുതല്‍ മനീഷ് അസഭ്യം പറയുന്നുണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത് ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്. എന്തായാലും സംഭവം ഇതിനോടകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.