ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത “വികസിത് സങ്കൽപ്പ് യാത്ര’യ്ക്ക് ആളെക്കൂട്ടാൻ ഉത്തർപ്രദേശിൽ “മാദകനൃത്തം’.
ഗാസിയാബാദിലെ മോദിനഗർ ഏരിയയിലെ ഷക്കർപുർ ഗ്രാമത്തിലാണു സംഭവം. ഹിറ്റ് ബോളിവുഡ് ചിത്രമായ കരൺ-അർജുൻ എന്ന ചിത്രത്തിലെ “ഛത് പേ സോയാ താ… എന്ന ഗാനത്തിനാണ് സുന്ദരി ചുവടുവച്ചത്.
പരിപാടിയിലേക്കു ജനക്കൂട്ടത്തെ ആകർഷിക്കാനാണു സംഘാടകർ നൃത്തപരിപാടി നടത്തിയതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിസംബർ 30നു നടന്ന പരിപാടി സോഷ്യൽ മീഡിയയിൽ വൈറലായി. ഗ്രാമത്തലവനും ഭാര്യയും പ്രാദേശിക എംഎൽഎയും എംപിയുമെല്ലാം വേദിയിലുണ്ടായിരുന്നു. വിവിധ നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറും വേദിയിൽ പതിച്ചിരുന്നു.
എന്നാൽ, ഭാരവാഹികൾ വേദിയിലിരിക്കെയാണ് നൃത്തപ്രകടനം നടന്നതെന്ന വാദത്തെ സംഘാടകർ നിഷേധിച്ചു.കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനും അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു ബിജെപി “വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ നടത്തുന്നത്.
കഴിഞ്ഞവർഷം നവംബർ 15ന് ജാർഖണ്ഡിലെ ഖുന്തിയിൽനിന്നാണു യാത്ര ആരംഭിച്ചത്.