കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വവുമായി ഇന്ന് ചര്‍ച്ച നടത്തും.
സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ഥികളെ സംബന്ധിച്ചും മറ്റുമുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 30,000 ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ സ്ഥലങ്ങളാണ് എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിക്കുന്നത്.
ഈ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കേണ്ട പൊതുസമ്മതരുടെ പട്ടിക സഹിതമാണ് കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന് മുന്നില്‍ എത്തിയത്. വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായി ടി.പി.ശ്രീനിവാസനാണ് പട്ടികയിലുള്ള ഒരു പ്രമുഖന്.
തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വരെ അദ്ദേഹം പങ്കെടുത്തിരുന്നു. ഇത് ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തു.
പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള നേതാവല്ലെങ്കിലും ജനമനസുകളില്‍ സ്വീകാര്യനായ വ്യക്തിയാണ് ശ്രീനിവാസനെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പേരും പട്ടികയിലുണ്ട്. രണ്ടുവര്‍ഷം മുമ്പ് ജേക്കബ് തോമസ് ബിജെപി -ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് തയാറെടുത്തിരുന്നു. ട്വന്റി-ട്വന്റി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയാറായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചിരുന്നില്ല.
രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ എന്നിവരും പട്ടികയിലുണ്ട്.
അതേസമയം ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന കേരള യാത്ര സംബന്ധിച്ചുള്ള അനുമതിയും സുരേന്ദ്രന് കേന്ദ്രത്തിനോട് തേടും. അടുത്തിടെ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സുരേന്ദ്രന് നയിക്കുന്ന കേരള യാത്ര സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
യാത്രയില്‍ ചര്‍ച്ചയാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിപക്ഷത്തിനെതിരേയും ജനവികാരം സൃഷ്ടിക്കും വിധത്തില്‍ യാത്രയില്‍ പ്രതിപാദിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ചും കേന്ദ്രം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കും. അതുപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും.