കോൽക്കത്ത: ബിജെപിയുടെ നോർത്ത് മാൾഡ ലോക്സഭാ സ്ഥാനാർഥി ഖാഗൻ മുർമു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയെ ചുംബിച്ചതു വിവാദമായി. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ശ്രീഹിപുർ ഗ്രാമത്തിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖാഗൻ മുർമു സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതേത്തുർന്നു തൃണമൂൽ കോൺഗ്രസ് ബിജെപിക്കെതിരേ രംഗത്തെത്തി.
“ബിജെപി സ്ഥാനാർഥി ഖഗെൻ മുർമു പ്രചാരണവേളയിൽ സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രമാണു പുറത്തുവന്നിരിക്കുന്നതെന്നും ബിജെപി ക്യാമ്പിൽ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാർക്കു ക്ഷാമമില്ലെന്നും തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു. വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന എംപിമാർ മുതൽ നേതാക്കൾ വരെ ബിജെപിയിലുണ്ട്. അവർ അധികാരത്തിൽ വന്നാൽ എന്തുചെയ്യുമെന്നു സങ്കൽപ്പിക്കുക എന്നും കുറിപ്പിലുണ്ട്.
എന്നാൽ ആ സ്ത്രീ തന്റെ കുട്ടിയെപോലെയാണെന്നായിരുന്നു ഖഗെൻ മുർമുവിന്റെ വിശദീകരണം. “ഒരു കുട്ടിയെ ചുംബിക്കുന്നതിൽ തെറ്റില്ല. ഇത് തികച്ചും ഗൂഢാലോചനയാണ്. അവർക്ക് അത്ര മോശം മൂല്യങ്ങളാണുള്ളത്’ ബിജെപി സ്ഥാനാർഥി പറഞ്ഞു. “ഒരു പുരുഷൻ സ്വന്തം മകളെപ്പോലെ ഒരു സ്ത്രീയെ ചുംബിച്ചാൽ അതിൽ എന്താണു പ്രശ്നം? എന്നായിരുന്നു യുവതിയുടെ ചോദ്യം.