എം.പ്രേംകുമാർ
തിരുവനന്തപുരം : കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ച ജില്ലയാണു തിരുവനന്തപുരം. പാർട്ടിയുടെ സീനിയർ നേതാവായ ഒ.രാജഗോപാലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിപ്പിച്ചാണു ബിജെപി ഈ നേട്ടം സാധിച്ചത്.
സംഘടനാ ബലം പരിശോധിച്ചാൽ ബിജെപിക്കു ജില്ലയിൽ നേമത്തു മാത്രം ജയിച്ചാൽ പോരാ. ഇക്കുറി കടുത്ത പോരാട്ടത്തിലൂടെ നാലു മണ്ഡലങ്ങളില്ലെങ്കിലും താമര വിരിയിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കാണു ബിജെപി രൂപം നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ആർഎസ്എസിനാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണു ബിജെപി നേതാവ് ഒ.രാജഗോപാൽ നേമം മണ്ഡലത്തിൽ വിജയിച്ചത്.
ഇക്കുറി പ്രായാധിക്യം മൂലം രാജഗോപാൽ മത്സരിക്കാൻ സാധ്യതയില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ കോർപറേഷൻ വാർഡുകളിൽ വലിയ വിജയമാണു ബിജെപിക്കുണ്ടായത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണു ഈ തെരഞ്ഞെടുപ്പിലും നേമത്ത് പാർട്ടിക്കുള്ളത്.
കുമ്മനം രാജശേഖരൻ നേമത്തു ബിജെപി സ്ഥാനാർഥിയാകാനാണു സാധ്യത. ഇതിനു മുന്നോടിയായി അദ്ദേഹം കരമനയിൽ താമസവും തുടങ്ങി. കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കാട്ടാക്കട മണ്ഡലങ്ങളിലും ബിജെപി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട്.
കഴക്കൂട്ടത്ത് കേന്ദ്ര മന്ത്രി വി.മുരളീധരനും കാട്ടാക്കടയിൽ പാർട്ടി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസും വട്ടിയൂർക്കാവിൽ പാർട്ടി ജില്ലാ പ്രസിഡന്റും കൗണ്‍സിലറുമായ വി.വി.രാജേഷും തിരുവനന്തപുരത്ത് സിനിമാ താരം സുരേഷ് ഗോപിയും പാറശാലയിൽ കരമന ജയനും സ്ഥാനാർഥികളാകും.
സ്ഥാനാർഥി നിർണയത്തിൽ ആർഎസ്എസ് ശക്തമായി ഇടപെട്ടാൽ മാത്രമേ മേൽപ്പറഞ്ഞവർ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളൂ.
നേമത്ത് നഗരാസഭാ കൗണ്‍സിലർ കൂടിയ ബിജെപി നേതാവ് എം.ആർ.ഗോപനെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകളും പാർട്ടിയിൽ നടക്കുന്നുണ്ട്.
തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാനുള്ള പാർട്ടിയുടെ താൽപര്യത്തോടു സുരേഷ് ഗോപി ഇതുവരെയും അനുകൂലമായ നിലപാടു സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയാൽ മാത്രമേ അദ്ദേഹം മത്സരിക്കാനിടയുള്ളൂ.
ഇതിനിടെ സുരേഷ് ഗോപിയ്ക്കായി ബിജെപി നേതാക്കൾ ജില്ലയിലെ എൻഎസ്എസ് നേതൃത്വവുമായി ആശയവിനിമയം നടത്തി. കഴക്കൂട്ടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.
സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ കേന്ദ്ര മന്ത്രിയായിട്ടുള്ള വി.മുരളീധരൻ നടത്തിയത്. നിലവിലെ ജാതി സമവാക്യങ്ങളിൽ മാറ്റമുണ്ടായാൽ കഴക്കൂട്ടത്തു വിജയിക്കാനാകുമെന്ന പ്രതീക്ഷ മുരളീധരനുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാട്ടാക്കടയിലും ശ്രദ്ധേയമായ പ്രകടനമാണു ബിജെപി നടത്തിയത്. അതുകൊണ്ടാണു പി.കെ.കൃഷ്ണദാസിനെ സ്ഥാനാർഥിയാക്കി വീണ്ടും ഒരു പരീക്ഷണത്തിനു ബിജെപി മുതിരുന്നത്.
കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങൾ ഘടകക്ഷികൾക്കു നൽകാനാണു സാധ്യത. ബിജെപി കേന്ദ്ര നേതൃത്വത്തിനു കേരളം ഒരു പരീക്ഷണ സംസ്ഥാനമായതിനാൽ ജയസാധ്യതയ്ക്കൊപ്പം പോരാട്ടവീര്യമുള്ള സ്ഥാനാർഥികൾക്കാകും പാർട്ടി മുൻഗണന നൽകുക.