സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്ത് മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രകോണ മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിജെപി. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇരുമുന്നണികളുടെയും മനസറിഞ്ഞശേഷം തീരുമാനിക്കാനാണ് സാധ്യത. നിലവില്‍ ജയസാധ്യതയുള്ളതായി ബിജെപി കാണുന്ന പത്ത്മണ്ഡലങ്ങളില് സ്ഥാനാര്‍ഥിയാക്കേണ്ട മൂന്നുപേരുടെ വീതം പട്ടിക ആര്‍എസ്എസ് തയാറാക്കിയിട്ടുണ്ട്.
എറ്റവും അവസാനംവരെ കാത്തിരുന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ട എന്ന തീരുമാനത്തിലാണ് നേതൃത്വം.
എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആരെന്നുകൂടി പരിഗണിച്ചശേഷം എറ്റവും മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മതിയെന്നാണ് ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ആര്‍എസ്എസിന്റെ തീരുമാനം. ഈ തീരുമാനത്തോട് നിലവില്‍ ബിജെപിക്ക് എതിര്‍പ്പില്ലതാനും. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായസംഘടനകളുടെ പിന്തുണ നേടിയെടുക്കാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു.
അതിനിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകള്‍ നേടുന്നതിന് ശക്തമായ പ്രചരണത്തിനായി എത്ര തുക വേണമെങ്കിലും ചെലവഴിക്കാന്‍ കേന്ദ്ര നേതൃത്വം തയാറാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന കേരളത്തില്‍ നിന്നും ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷ ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയുമെന്നാണ് സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
പത്ത് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വിജയം ലക്ഷ്യമിട്ട് ഒരു മണ്ഡലത്തില്‍ അഞ്ചു കോടി വീതം പ്രചരണങ്ങള്‍ക്കായി ചെലവഴിക്കുന്നതിനാണ് ബിജെപി നേതൃത്വം പദ്ധതി തയ്യാറാക്കികഴിഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യ എതിരാളികള്‍ തെരഞ്ഞെടുപ്പു ഫണ്ടിനായി ജനമഹായാത്രയുടെ പേരില്‍ പിരിവു തുടങ്ങി കഴിഞ്ഞു. അത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ബിജെപിക്കുണ്ടാകില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ അധികമായി പണം ചെലവഴിക്കുന്നതിനും കേന്ദ്ര നേതൃത്വം വലിയ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും ബൂത്ത് തലം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണ് എന്നും, ലഭിക്കുന്ന വോട്ട് എത്രയാണെന്നും കൃത്യമായി ആര്‍എസ്എസ് വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം, കാസര്‍കോട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, ചാലക്കുടി, കോട്ടയം സീറ്റുകളില്‍ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍ . ഇതില്‍ തന്നെ തിരുവനന്തപുരമാണ് ബിജെപിയുടെ തുറപ്പുചീട്ട്. ഫെബ്രുവരി 20-നകം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ എകദേശം തീരുമാനമാകും.