നിയാസ് മുസ്തഫ
ശരത് പവാർ പറഞ്ഞ ആ 13 എംഎൽഎമാർ ആരായിരിക്കും? ബിജെപി യുപി ഘടകം ആശങ്കയിൽ.
തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎൽഎമാരും ബിജെപി വിട്ട സാഹചര്യത്തിലാണ് ശരത് പവാറിന്റെ അവകാശവാദം വെള്ളിടിയായി ബിജെപിയുടെ മേൽ പതിച്ചത്.
13എംഎൽഎമാർ കൂടി ബിജെപി വിട്ട് എസ്പിയിൽ ചേരുമെന്നായിരുന്നു എൻസിപി അധ്യക്ഷനും പ്രതിപക്ഷ നിരയുടെ പ്രധാന മുഖവുമായ ശരത് പവാറിന്റെ അവകാശവാദം.
ഇതോടെ ബിജെപി എംഎൽഎമാരെ നിരീക്ഷിക്കാൻ പാർട്ടി തുടങ്ങിയിട്ടുണ്ട്. മറുകണ്ടം ചാടാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് തയാറാക്കിയാണ് നിരീക്ഷണം.
ഉണ്ടയില്ലാ വെടി ?
മന്ത്രി അടക്കമുള്ള ബിജെപി എംഎൽഎമാർ മറുകണ്ടം ചാടിയത് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
ഇനി ശരത്പവാർ പറഞ്ഞതുപോലെ 13 എംഎൽഎമാർ കൂടി മറുകണ്ടം ചാടിയാൽ തുടർഭരണമെന്ന ബിജെപിയുടെ സ്വപ്നത്തിനുമേൽ കരിനിഴൽ വീഴും.
എന്നിരുന്നാലും, ബിജെപി ക്യാന്പുകളെ ഭീതിയിലാക്കാൻ ശരത്പവാർ പൊട്ടിച്ചത് ഉണ്ടയില്ലാത്ത വെടി ആണെന്ന് കരുതുന്നവരും ബിജെപിയിലുണ്ട്.
അതേസമയം, എൻസിപി സമാജ് വാദി പാർട്ടിയുമായി യോജിച്ച് ഉത്തർപ്രദേശിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി ശരത് പവാർ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ്, ബിഎസ്പി കക്ഷികൾ ഇപ്പോഴും ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിൽ പോകുന്നതിന്റെ അതൃപ്തി ശരത് പവാറിനുണ്ട്.
പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിന്നാൽ യുപി ഭരണം ബിജെപിയിൽനിന്ന് ഈസിയായി പിടിച്ചെടുക്കാമെന്നാണ് എൻസിപിയുടെ നിലപാട്.
കോൺഗ്രസിനെയും ബിഎസ് പിയേയും എസ്പിയോടെയാപ്പം ചേർത്തുനിർത്താനുള്ള അനൗദ്യോഗിക ചർച്ചകൾ ശരത്പവാർ നടത്തുന്നതായിട്ടാണ് വിവരം.
ഗോവ, മണിപ്പൂർ
ഗോവയിൽ തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ് സഖ്യം സംബന്ധിച്ച് എൻസിപി നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ശിവസേനയും എൻസിപിയോടൊപ്പം സഖ്യ ചർച്ചകളിലുണ്ട്. മണിപ്പൂരിൽ എൻസിപി കോൺഗ്രസുമായി സഖ്യത്തിലാണ്.