ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയുടെ വരുമാനം 2019-20 വർഷത്തിൽ 50.34 ശതമാനം വർധിച്ച് 3,623.28 കോടിയിലെത്തി.
അതേസമയം, കോണ്‍ഗ്രസിന്റെ വരുമാനം 25.69 ശതമാനം കുറഞ്ഞ് 682.21 കോടി രൂപയിലെത്തി.
ബിജെപി, കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, എൻസിപി, സിപിഎം, സിപിഐ, ബിഎസ്പി എന്നീ ഏഴ് ദേശീയ പാർട്ടികൾക്ക് കഴിഞ്ഞ സാന്പത്തിക വർഷം സംഭാവനകളിലൂടെയും തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയും ലഭിച്ചത് 4758.20 കോടി രൂപയാണ്.
ഇതിൽ 76.15 ശതമാനം പണവും എത്തിയത് ബിജെപിയുടെ കൈകളിലാണ്.
മറ്റ് ആറ് ദേശീയ പാർട്ടികളും വരുമാനത്തിൽ വളരെ പിന്നിലാണ്. കോണ്‍ഗ്രസിന് 14.24 ശതമാനം ലഭിച്ചപ്പോൾ മറ്റുള്ള പാർട്ടികളുടെ പങ്ക് 3.33 ശതമാനം മാത്രമാണ്.
2018-19 വർഷത്തിൽ ബിജെപിയുടെ വരുമാനം 2410.08 കോടി ആയിരുന്നതാണ് 2019-20 വർഷത്തിൽ വർധിച്ച് 3623.28 കോടി രൂപയായത്.
അതേസമയം 2018-19 വർഷത്തിൽ കോണ്‍ഗ്രസിന്റെ വരുമാനം 918.03 കോടി രൂപ ആയിരുന്നതിൽ നിന്ന് കുറഞ്ഞ് 682.21 കോടി രൂപ ആകുകയാണ് ചെയ്തത്.
തൃണമൂൽ കോണ്ഗ്രസിന്റെവരുമാനം മുൻ സാന്പത്തിക വർഷത്തിൽ 192.65 കോടി ആയിരുന്നതിൽ നിന്ന് 2019-20 വർഷത്തിൽ 143.76 കോടിയായി ചുരുങ്ങി.
എന്നാൽ, സിപിഎമ്മിന്റെ വരുമാനത്തിൽ 2018-19 വർഷം 100.96 കോടി രൂപ ആയിരുന്നതിൽ നിന്ന് കഴിഞ്ഞ സാന്പത്തിക വർഷം 158.62 കോടി രൂപയായി വർധിച്ചിട്ടുണ്ട്.
എൻസിപിയുടെയും വരുമാനം അക്കാലയളവിൽ 50.71 കോടി രൂപ ആയിരുന്നതിൽ നിന്ന് 85.58 കോടി രൂപയായി ഉയർന്നു. സിപിഐയുടെ വരുമാനം 7.15 കോടി രൂപ ആയിരുന്നതിൽ നിന്ന് 6.58 കോടി രൂപായായി കുറഞ്ഞു.