ബാഗ്പത്: ഉത്തർപ്രദേശിൽ സാമ്പത്തികബാധ്യത മൂലം വ്യാപാരി ഭാര്യക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
ബാഗ്പത്തിലെ ഷൂ വ്യാപാരിയായ രാജീവ് തോമറും ഭാര്യ പൂനവുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
വിഷം ഉള്ളിൽച്ചെന്ന് 38കാരിയായ പൂനം മരിച്ചു. തോമർ ഗുരുതരാവസ്ഥയിലാണ്. ബാഗ്പതിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.
ആത്മഹത്യയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
വീഡിയോയിൽ, 40 കാരനായ രാജീവ് തോമർ ഒരു കവർ വലിച്ചുകീറുകയും അതിനുള്ളിലെ വസ്തു വിഴുങ്ങുകയും ഭാര്യ തടയാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഭാര്യ തോമറിനെ വിഷം തുപ്പിക്കളയാൻ പ്രേരപ്പിക്കുകയും ചെയ്തു. ജിഎസ്ടിയാണ് തന്റെ ബിസിനസിനെ നശിപ്പിച്ചതെന്ന് തോമർ കണ്ണീരോടെ വീഡിയോയിൽ പറയുന്നു.
നയങ്ങൾ മാറ്റണമെന്ന് മോദിയോട് തോമർ ആവശ്യപ്പെടുകയും ചെയ്തു.
തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നു. കടങ്ങൾ വീട്ടും. മരിച്ചാലും പണം നൽകും. എങ്കിലും എല്ലാവരും ഈ വീഡിയോ പരമാവധി ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
താൻ ഒരു ദേശവിരുദ്ധനല്ല, തനിക്ക് തന്റെ രാജ്യത്തിൽ വിശ്വാസമുണ്ട്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാനുള്ളത്,
നിങ്ങൾ ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങളുടെ നയങ്ങൾ മാറ്റുക- തോമർ വീഡിയോയിൽ പറഞ്ഞു.
ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്തായിരുന്നു തോമർജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനെ അറിയിച്ചു.
പോലീസ് എത്തുമ്പോൾ തോമറും ഭാര്യയും അവശനിലയിലായിരുന്നു. ഇരുവരെയും പോലീസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പൂനം ആശുപത്രിയിൽ മരിച്ചു.