കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ബിജെപി മൂന്നും സ്വന്തമാക്കി.
യുഡിഎഫ് രണ്ട്, എൽഡിഎഫ് ഒന്ന് എന്നിങ്ങനെയാണ് മറ്റ് മുന്നണി നില. കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തറ നഗരസഭയിലെ പിഷാരികോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ മൂന്നെണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡുകളായിരുന്നു. രണ്ടെണ്ണം എല്‍ഡിഎഫിന്റെയും ഒരെണ്ണം എന്‍ഡിഎയുടെയും സിറ്റിംഗ് വാര്‍ഡുകളും.
കൊച്ചി കോർപറേഷനിൽ പത്മജ മേനോൻ
കൊച്ചി കോര്പറേഷന് എറണാകുളം സൗത്ത് (62) ഡിവിഷനിലേക്ക് നടന്ന ത്രികോണമല്‍സരത്തില്‍ ബിജെപി സ്ഥാനാര്‍ഥി എന്‍ഡിഎ മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനാണ് വിജയിച്ചത്.
ബിജെപിക്ക് 974 വോട്ടും എല്‍ഡിഎഫിനു 328 വോട്ടും യുഡിഎഫിനു 899 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎയുടെ സിറ്റിംഗ് സീറ്റാണിത്.
കഴിഞ്ഞതവണ യുഡിഎഫില്‍നിന്ന് സീറ്റ് എന്‍ഡിഎ പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. എന്‍ഡിഎ കൗണ്‍സിലര്‍ മിനി ആര്. മേനോന് അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.
തൃപ്പൂണിത്തുറയിൽ വള്ളി രവിയും രതി രാജുവും
തൃപ്പൂണിത്തുറ നഗരസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഇരട്ട അട്ടിമറി വിജയമാണ് ഉണ്ടായത്. നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍ എന്‍ഡിഎയുടെ വള്ളി രവി (363 വോട്ട്, ഭൂരിപക്ഷം – 38), 46-ാം വാര്‍ഡ് പിഷാരിക്കോവില്‍ എന്‍ഡിഎയുടെ രതി രാജു (468 വോട്ട്, ഭൂരിപക്ഷം – 16) എന്നിവരാണ് വിജയിച്ചത്.
ഇതോടെ നഗരസഭ ഭരിക്കുന്ന എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. എല്‍ഡിഎഫ് അംഗങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ കൗണ്‍സിലില്‍ എന്‍ഡിഎയുടെ അംഗബലം 17 ആയി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളിലും എന്‍ഡിഎ നിസാര വോട്ടിനായിരുന്നു പരാജയപ്പെട്ടത്.
ഏതാണ്ട് അതേ മാര്‍ജിനില്‍ത്തന്നെ ഇത്തവണ എന്‍ഡിഎയ്ക്ക് വിജയിക്കാനായത് മധുര പ്രതികാരമായി. ഇപ്പോഴത്തെ കക്ഷി നില എല്‍ഡിഎഫ് – 23, എന്‍ഡിഎ – 17, യുഡിഎഫ് – 8, സ്വതന്ത്രന് – 1 എന്നിങ്ങനെയാണ്.
നെടുന്പാശേരിയിൽ ജോബി നെല്ലിക്കര
നെടുമ്പാശേരി പഞ്ചായത്തില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. 17-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോബി നെല്ക്കരയ്ക്ക് 709 വോട്ടും സിപി എം സ്ഥാനാര്‍ഥി ഡോക്ടര്‍ എം .പി ആന്റണിയ്ക്ക് 435 വോട്ടും ബി ജെപി സ്ഥാനാര്‍ഥി ജോഷി പൗലോസിന് 34 വോട്ടും ലഭിച്ചു .
274 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചത് .കോണ്‍ഗ്രസ് അംഗമായിരുന്ന പി .വൈ വര്‍ഗീസ് രാജി വച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് .
19 വാര്‍ഡുകള്‍ ഉള്ള നെടുമ്പാശേരി ഗ്രാമപഞ്ചായത്തില്‍ 17-ാം വാര്‍ഡിലെ അംഗം രാജിവച്ചതോടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അംഗ സംഖ്യ ഒന്‍പത് വീതം ആയിരുന്നു .
ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയതിനാല്‍ ഇവിടെ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു .കഴിഞ്ഞ തെരുഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 103 ആയിരുന്നു .
കുന്നത്തുനാട്ടിൽ എൻ.ഒ ബാബു
കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി 11-ാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ എൻ.ഒ. ബാബു 139 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് 520 ഉം, ട്വിന്റി 20 381 ഉം യുഡിഎഫ് 284 ഉം ബിജെപി 32 ഉം വോട്ടുകളും നേടി.
കോണ്‍ഗ്രസിലെ ജോസ് ജോര്‍ജ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വാരപ്പെട്ടിയിൽ കെ.കെ ഹുസൈൻ
വാരപ്പെട്ടി പഞ്ചായത്ത് ആറാം വാര്‍ഡ് മൈലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി ഫ് സീറ്റ് നിലനിര്‍ത്തി. 25 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ്സ്ഥാനാര്‍ഥി കെ.കെ.ഹുസൈനാണ് വിജയിച്ചത്.
എല്‍ഡിഎഫ് ലെ ഷിബു വര്‍ക്കിയായിരുന്നു എതിര് സ്ഥാനാര്‍ഥി.1480 വോട്ടര്‍മാരില്‍ 1269 പേരാണ് വോട്ട് ചെയ്ത്. 647 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ഹുസൈന് വിജയിച്ചത്. എൽഡിഎഫ് ലെ എതിര് സ്ഥാനാര്‍ഥിക്ക് 622 വോട്ടുകളാണ് വിജയിച്ചത്.
മുന്‍ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലെ സി.കെ.അബ്ദുള്‍നൂര്‍ മരണമടഞ്ഞ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വാര്‍ഡ് യുഡി എഫ് നുതന്നെ നിലനിര്‍ത്താനായതോടെ പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 9, എൽഡി എഫ് 3, ബി ജെ പി 1 എന്നിങ്ങനെയായി അംഗബലം.