എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സ്ഥാനാർഥി നിർണയം ഏതാണ്ടു പൂർത്തിയായിട്ടും ബിജെപിയിൽ ഉടലെടുത്ത കലഹത്തിനു ശമനമില്ല.
ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതിരിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും ശ്രമിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രന് ഒപ്പം നിന്നതു സംസ്ഥാന നേതൃത്വത്തിനു കനത്ത ക്ഷീണം ആയിട്ടുണ്ട്. ഒാരോ ദിവസവും ഓരോ തലവേദനകളാണ് ബിജെപി നേതൃത്വത്തെ വളയുന്നത്.
ശോഭയിൽ വീണു
ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർഥിയാകാൻ ഉള്ള നീക്കങ്ങൾ പാളിയതോടെയാണു ശോഭാ സുരേന്ദ്രനു നറുക്ക് വീണത്.
കഴക്കൂട്ടത്ത് അപ്രതീക്ഷിത സ്ഥാനാർഥി എത്തുമെന്നു പറഞ്ഞ് ആ സീറ്റ് ഒഴിച്ചിട്ടു ശോഭയെ ഒഴിവാക്കാനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് പൊളിഞ്ഞത്.
ശോഭയ്ക്കായി ഒ.രാജഗോപാലും കുമ്മനം രാജശേഖനും ആർഎസ്എസ് നേതൃത്വവും ഇടപെട്ടതോടെയാണ് ഒടുവിൽ സംസ്ഥാന നേതൃത്വത്തിനു വഴങ്ങേണ്ടി വന്നത്.
കഴക്കൂട്ടത്ത് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതു ശോഭയെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു ബിജെപി അനുഭാവികൾ സോഷ്യൽ മീഡിയയിലും നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
വി. മുരളീധരൻ പക്ഷവും പി.കെ കൃഷ്ണദാസ് പക്ഷവും നേരത്തെ മുതൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസം കെട്ടടങ്ങാതിരിക്കുന്പോഴാണ് ശോഭാ സുരേന്ദ്രനുമായുള്ള തർക്കം ബിജെപിയിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്.
നടപടി വന്നേക്കും
അതിനിടെ കോന്നിയിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടാകാമെന്ന ആർഎസ്എസ് നേതാവും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരുമായ ആർ. ബാലശങ്കറിന്റെ പരാമർശം പുറത്തുവന്നത് കെ.സുരേന്ദ്രനും വി.മുരളീധരനും ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
മാത്രമല്ല ബാലശങ്കറിന്റ പ്രസ്താവനയെപ്പറ്റി സംസ്ഥാന നേതൃത്വത്തിനു കേന്ദ്രനേതൃത്വത്തോടു വിശദീകരിക്കേണ്ടിവരും.
ഇപ്പോഴുണ്ടായ സംഭവവികാസങ്ങളിൽ കേന്ദ്രനേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്.
തെരഞ്ഞെടുപ്പ് കാലത്തെങ്കിലും അപസ്വരങ്ങളുണ്ടാക്കാതെ ഒരുമിച്ചു പോകാൻ സംസ്ഥാനത്തെ ബിജെപി നേതാക്കളോടു കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതു കേന്ദ്രനേതൃത്വം ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര നേതൃത്വത്തിൽ നിന്നു നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.
പുതിയ വിവാദം, ചർച്ച
ചെങ്ങന്നൂരും ആറന്മുളയും ജയിക്കാൻ സിപിഎമ്മിനെ ബിജെപി സഹായിക്കുകയും അതിനുപകരമായി കോന്നിയിൽ കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ സിപിഎം തിരിച്ചു സഹായിക്കുകയും ചെയ്യുമെന്നതാകാം ഇരുകൂട്ടരുടേയും കരാർ എന്നാണ് ബാലശങ്കറിന്റെ ആരോപണം.
ഇതു ബിജെപിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
മാഫിയകൾ
കെ.സുരേന്ദ്രനും വി.മുരളീധരനും മാഫിയ സംഘത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഈ നില തുടർന്നാൽ അടുത്ത 30 വർഷം കഴിഞ്ഞാലും കേരളത്തിൽ ബിജെപിക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ലെന്നും ബാലശങ്കർ ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങൾ സുരേന്ദ്രൻ നിഷേധിച്ചെങ്കിലും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
സംസ്ഥാനത്തു പലയിടത്തും ബിജെപി -സിപിഎം കൂട്ടുകെട്ട് ഉണ്ടെന്ന് ആരോപണം യുഡിഎഫ് നേതാക്കൾ പലകുറി ആരോപിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്.
വെറുതെ വിടണം
ബിജെപിക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മറയ്ക്കാൻ തങ്ങളുടെമേൽ പഴിചാരാനുള്ള ശ്രമമാണ് ബാലശങ്കറിന്റെ ആരോപണമെന്നും ബിജെപിയുമായി ഒരുതരത്തിലുമുള്ള ബന്ധത്തിന്റെയും ആവശ്യം തങ്ങൾക്കില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ ഇതേക്കുറിച്ചു പ്രതികരിച്ചത്.
ഈ വിഷയത്തിൽ തങ്ങളെ വെറുതെ വിടണമെന്നും ഇവർ പറയുന്നു. സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടാനുള്ള ഉള്ള ബിജെപിയുടെ നീക്കത്തിന് ബാലശങ്കറിന്റെ പ്രസ്താവന വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഈ പ്രസ്താവനയും ബിജെപിക്കുള്ളിൽ ഇപ്പോൾ നിലനിൽക്കുന്ന തമ്മിലടിയും കൂടുതൽ സീറ്റുകൾ എന്ന മോഹത്തിനു വിലങ്ങുതടിയായി മാറുകയാണ്.
അതേസമയം തെരഞ്ഞുപ്പ് കാലത്ത് പാർട്ടി കേരളഘടകത്തിൽ തുടരുന്ന പ്രശ്നങ്ങളിൽ കേന്ദ്രനേതൃത്വം ക്ഷുഭിതരാണ്.
തെരഞ്ഞെടുപ്പ് കാലത്തു പോലും വിഭാഗീയ നടത്തുന്നവർക്കതെരിരേ തെരഞ്ഞെടുപ്പിനു ശേഷം അച്ചടക്കനടപടി ഉണ്ടായെക്കുമെന്നാണു സൂചന.
കെ. സുരേന്ദ്രൻ പാർട്ടി പ്രസിഡന്റായ ശേഷം പാർട്ടിക്കുള്ളിൽ വിഭാഗീയത അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുയാണെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.