കോൽക്കത്ത: ബംഗാളിൽ തൃണണൂൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചൊഴുക്ക് പ്രതിരോധിക്കാനുള്ള ബിജെപി നീക്കം പാളി.
എംഎൽഎമാരിൽ ഒരു വിഭാഗം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിൽനിന്നും വിട്ടുനിന്നു.
പാർട്ടി എംഎൽഎമാരുമായി സുവേന്ദു തിങ്കളാഴ്ച വൈകുന്നേരമാണ് ഗവർണർ ജഗദീപ് ധൻകറെ കണ്ടത്. മമത ബാനർജി സർക്കാരിന്റെ തെറ്റായ നടപടികൾ അറിയിക്കുന്നതിനും മറ്റ് പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വിശദീകരണം.
എന്നാൽ ഈ കൂടിക്കാഴ്ചയിൽനിന്ന് ബിജെപിയുടെ 72 എംഎൽഎമാരിൽ 24 പേർ വിട്ടുനിന്നു. ഇതോടെ തൃണമൂലിലേക്കുള്ള നേതാക്കളുടെ മടക്കം സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമായി.
സുവേന്ദുവിന്റെ നേതൃത്വത്തോടുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം. തൃണമൂലിലേക്ക് മടങ്ങിയ മുകുൾ റോയിയുടെ ചുവടുപിടിച്ച് കൂടുതൽ നേതാക്കൾ ഘർവാപസി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.