തൃശൂർ: കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറുവരിപാതയുടെ ശോച്യാവസ്ഥയും ചർച്ചയ്ക്കു വരുമെന്ന് ബിജെപി ഒരിക്കലും കരുതിയിരുന്നില്ല.
എന്നാൽ തൃശൂർ കോർപറേഷനിലൂടെ മണ്ണുത്തി, മുല്ലക്കര വഴി കടന്നു പോകുന്ന ആറുവരിപാതയുടെ നിർമാണം 11 വർഷമായിട്ടും കഴിയാത്തതിനെ കുറിച്ച് ചോദിക്കുന്പോൾ ബിജെപിയും വിയർക്കുകയാണ്.
കോർപറേഷനിലെ റോഡുകൾക്ക് ആറു മാസം പോലും ആയുസില്ലെന്ന് ആരോപണം ഉന്നയിച്ച ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിനോടാണ് പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ ചോദ്യമുയർന്നത്.
കേന്ദ്ര സർക്കാർ കരാർ നൽകി 2009ൽ തുടങ്ങിയ ആറുവരി പാതയുടെ നിർമാണം പതിനൊന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ ബിജെപി മൗനം പാലിക്കുന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞു മാറി.
കേന്ദ്രമന്ത്രി ഇവിടെയെത്തി പണികൾ ഉടൻ തീർക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു അനീഷ്കുമാറിന്റെ മറുപടി.
എന്നാൽ നിർദ്ദേശം നൽകി പോയിട്ട് മാസങ്ങളായിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന ചോദ്യത്തിന് എല്ലാം നടക്കുമെന്ന പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
മുഖാമുഖം പരിപാടിയിൽ തൊട്ടടുത്തിരുന്ന ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റും സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസും ബിജെപിയുടെ നിലപാടിനെ എതിർത്തു.
വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് കുറവില്ല. മുപ്പതു മാസം കൊണ്ട് തീർക്കേണ്ട പണിയാണ് പതിനൊന്ന് വർഷമായിട്ടും തീരാതെ കിടക്കുന്നത്.
ഇതിനകം തന്നെ നിരവധി പേർ മരിച്ചു വീണു. ഇത്രയുമായപ്പോൾ സംസ്ഥാന സർക്കാരിനും പണി വൈകിപ്പിച്ചതിൽ പങ്കുണ്ടെന്നായി ബിജെപി അധ്യക്ഷൻ. ഒരു പങ്കുമില്ല, പൂർണ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് എം.എം. വർഗീസ് തിരിച്ചടിച്ചു.
അടുത്ത ദിവസങ്ങളിൽ ബിജെപിക്കെതിരെ ആറുവരിപാതയും ആയുധമാക്കാൻ തീരുമാനിച്ചിരിക്കയാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ.