കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെ കേന്ദ്രം ഇടപെടുന്നു.
ശോഭാസുരേന്ദ്രനുള്പ്പെടെയുള്ള നേതാക്കളില്‍ ഒരു വിഭാഗം പരസ്യമായി കെ. സുരേന്ദ്രനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം ഇടപെടുന്നത്.
ഇതിനകം 24 നേതാക്കള്‍ കേന്ദ്രത്തിന് പരാതി നല്‍കിയിട്ടുണ്ട്. ശോഭ സുരേന്ദ്രനും പി.എം. വേലായുധനും പിന്നാലെ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി.ശ്രീശനും ഇന്നലെ പരസ്യ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി.
മറ്റ് നിവര്‍ത്തിയില്ലാത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വരുന്നതെന്നും പരാതികള്‍ പരിഹരിക്കണമെന്നും ശ്രീശന് ആവശ്യപ്പെട്ടു.
പരാതികള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവാന്‍ നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന രീതി ബിജെപിയില്‍ അസാധാരണമാണ്.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രനേതൃത്വം നേരത്തെ തന്നെ താക്കീത് നല്‍കിയിരുന്നു.
എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ അസംതൃപ്തി ഇല്ലാതാക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. ഇതോടെ കേന്ദ്രത്തിന്റെ ഇടപെല്‍ ഏത് രീതിയിലുണ്ടാവുമെന്ന ആശങ്കയിലാണ് ഇരുപക്ഷവും.
കേന്ദ്രതീരുമാനം വരുന്നത് വരെ കെ.സുരേന്ദ്രനുള്പ്പെടടെയുള്ളവര് പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് സ്വീകരിച്ചത്. അതേസമയം ഇടഞ്ഞു നില്ക്കുന്ന നേതാക്കളെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനും സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്.
പി.എം. വേലായുധനുമായി ഇത്തരത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. സ്വര്‍ണക്കള്ളകടത്ത് അന്വേഷണം സംസ്ഥാന സര്‍ക്കാറിലേക്ക് നീളുന്ന സാഹചര്യത്തില്‍ പരമാവധി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു പാര്‍്ട്ടി തീരുമാനിച്ചത്.
പ്രാദേശിക തലത്തില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. അതിനിടെയാണ് ഗ്രൂപ്പ് പോര് രൂക്ഷമായത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
താഴെക്കിടയിലുള്ള പ്രവര്‍ത്തകരിലും ഗ്രൂപ്പ്പോരിന്റെ തരംഗം നിലനില്‍ക്കുന്നുണ്ട്. ഇത് പൂര്‍ണമായും ഇല്ലാതാക്കാന്‍ കേന്ദ്രനേതൃത്വത്തിന് സാധിച്ചില്ലെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ബിജെപിക്കുണ്ടാവില്ലെന്നാണ് പറയുന്നത്.